തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും നിയമസഭയിൽ. ടി.ജെ വിനോദ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കഴിഞ്ഞ 11 ദിവസമായി അന്തരീക്ഷത്തിൽ മാരകമായ വിഷവാതകം പടരുന്നത് ജനങ്ങൾക്കിടയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തീ അണച്ചതായും കൊച്ചിയിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടതായും ആരോഗ്യമന്ത്രി മറുപടി നൽകി.
തീപിടിത്തമുണ്ടായ ഉടൻ ഇടപെട്ടുവെന്നും നിലവിൽ തീ അണച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ് നോട്ടീസിന് മറുപടിയായി സഭയെ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. നിലവിൽ കൊച്ചിയിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മൂന്ന് മന്ത്രിമാർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആരോഗ്യ വകുപ്പിലെ ജീവനക്കാരാണ് ആദ്യം ബ്രഹ്മപുരത്ത് എത്തിയത്. നാലാം തീയതി തന്നെ ആരോഗ്യവകുപ്പിന്‍റെ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരുന്നു. അഞ്ചാം തീയതി മന്ത്രിമാർ നേരിട്ടെത്തി. എട്ടാം തീയതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. 10, 11 തീയതികളിൽ കൊച്ചിയിൽ യോഗം ചേർന്നതായും വീണാ ജോർജ് പറഞ്ഞു.
ഇതുവരെ 851 പേരാണ് കൊച്ചിയിൽ ചികിത്സ തേടിയത്. സ്വന്തമായി മരുന്ന് വാങ്ങി ചികിത്സയ്ക്ക് വിധേയരായവരുണ്ട്. ഫീൽഡ് സർവേ നാളെ മുതൽ ആരംഭിക്കും. ഇതിനായി 200 ആശാ വർക്കർമാരെ നിയോഗിച്ചിട്ടുണ്ട്. മൊബൈൽ ക്ലിനിക്കുകൾ ഇന്ന് മുതൽ ആരംഭിക്കും. കിടപ്പുരോഗികൾക്ക് പ്രത്യേക സംവിധാനമുണ്ട്. ജനങ്ങളോടൊപ്പമാണ് താൻ പ്രവർത്തിച്ചതെന്നും ആശങ്ക വേണ്ടെന്നും മന്ത്രി മറുപടി നൽകി.