ചണ്ഡിഗഡ്: പഞ്ചാബിൽ ആംആദ്മി എം.എൽ.എയും ഐപിഎസ് ഉദ്യോഗസ്ഥയും വിവാഹിതരാകുന്നു. എഎപി എം.എൽ.എ ഹർജോത് സിങ് ബെയ്ൻസും ഐപിഎസ് ഉദ്യോഗസ്ഥ ജ്യോതി യാദവും ഈ മാസം അവസാനം വിവാഹിതരാകും. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ അനന്ത്പുർ സാഹിബ് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് ഹർജോത് സിങ്. നിലവിൽ ഭഗവന്ത് മാൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹം. അനന്ത്പുർ സാഹിബിലെ ഗംഭിർപുർ ഗ്രാമത്തിൽ നിന്നുള്ള 32 കാരനായ അദ്ദേഹം 2017 ലെ തിരഞ്ഞെടുപ്പിൽ ഷാഹ്നിവാൽ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗത്തെ നയിക്കുന്നത് ബെയ്ൻസ് ആണ്.
2014 ൽ ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദം നേടിയ അദ്ദേഹം 2018 ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിൽ സർട്ടിഫിക്കറ്റ് നേടി. പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥയായ ജ്യോതി നിലവിൽ മാനസ ജില്ലയിലെ പോലീസ് സൂപ്രണ്ടന്റാണ്. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിനിയായ ജ്യോതി കഴിഞ്ഞ വർഷം ആം ആദ്മി പാർട്ടി എം.എൽ.എയുമായുള്ള തർക്കത്തെ തുടർന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു. എം.എൽ.എയുടെ അനുമതിയില്ലാതെ അവരുടെ മണ്ഡലത്തിൽ പരിശോധന നടത്തിയതാണ് വിവാദത്തിന് തിരികൊളുത്തിയത്.