തിരുവനന്തപുരം: ഓടി കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തീപിടുത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.
ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. ചിറയിൻകീഴിൽ നിന്ന് കണിയാപുരത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. കാറ്റാടിമുക്കിൽ നിന്ന് കയറ്റം കയറുന്നതിനിടെ വാഹനത്തിന്‍റെ മുൻ വശത്ത് നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ ബസ് റോഡരികിൽ നിർത്തുകയായിരുന്നു.
തുടർന്ന് ഡ്രൈവർ ബസ് പരിശോധിക്കുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. 39 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഉടൻ തന്നെ സമീപത്തെ കടയിലെത്തിയ ഡ്രൈവർ സംഭവം വിശദീകരിക്കുകയും അവിടെയുള്ള ഗ്യാസ് കുറ്റി ഉൾപ്പടെ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. ബസ് ഉടൻ തന്നെ കത്തി നശിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.