കണ്ണൂര്‍: സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ പിൻവലിക്കാൻ 30 കോടി വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിൽ സ്വപ്നയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നഷ്ടപരിഹാരമായി ഒരു കോടി ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. സ്വപ്നയുടെ പരാമർശം അപകീർത്തിയുണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
സ്വപ്നയുടെ വെളിപ്പെടുത്തൽ വസ്തുതാപരമായി തെറ്റാണ്. വിജേഷ് പിള്ളയെ തനിക്കോ കുടുംബത്തിനോ അറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സ്വപ്ന ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടിക്കൊരുങ്ങുമെന്നും നോട്ടീസിൽ പറയുന്നു. വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.