ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇതുവരെ അറിയാതിരുന്ന അനവധി മഹത് വ്യക്തികളെയാണ് ലോകത്തിന് പരിചയപ്പെടാൻ സാധിച്ചത്. ലാഭേച്ഛയില്ലാതെ അവരുടെ സേവനങ്ങൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറുമില്ല.
എന്നാൽ, ഈ പ്രാവശ്യം നിരവധി വിശേഷപ്പെട്ട വ്യക്തികളെയും, അവരുടെ പ്രവർത്തങ്ങളെയും മനസ്സിലാക്കാൻ ഇതുവഴി നമുക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് വലിയ കാര്യം.
അത്തരമൊരാളാണ് 76 -കാരിയായ ഈ വനമുത്തശ്ശി. പേര് തുളസി ഗൗഡ. മക്കളില്ലാത്ത ഈ മുത്തശ്ശിക്ക്, മരങ്ങൾ സ്വന്തം മക്കളെ പോലെയാണ്. ഒരമ്മയായി അവരെ ഓമനിച്ചും, പരിപാലിച്ചും മുത്തശ്ശി തൻ്റെ ജീവിതം അർത്ഥപൂർണ്ണമാക്കുന്നു.
കർണ്ണാടകയിലെ ഹൊന്നല്ലിയിലിൽ താമസിക്കുന്ന മുത്തശ്ശി ഇതുവരെ 40,000 മരങ്ങളാണ് പ്രകൃതില്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്.
ചെടികളെയും, ഔഷധസസ്യങ്ങളെയും കുറിച്ച് ആഴത്തിൽ അറിവുള്ള മുത്തശ്ശിയെ ‘വനത്തിൻ്റെ വിജ്ഞാനകോശം’ എന്നാണ് എല്ലാവരും സ്നേഹത്തോടെ വിളിക്കാറ്. കഴിഞ്ഞ ആറു പതിറ്റാണ്ടായി മറ്റൊന്നും പ്രതീക്ഷിക്കാതെയാണ് മുത്തശ്ശി ചെടികളെ നട്ടുവളര്‍ത്തുന്നത്.
വനംവകുപ്പ് നടത്തിയ വനവൽക്കരണ പരിപാടിയിൽ സജീവമായി പങ്കെടുത്തിരുന്ന മുത്തശ്ശി 14 വർഷം സേവനമനുഷ്ഠിച്ചശേഷമാണ് വിരമിച്ചത്.
അതിൽ നിന്ന് കിട്ടുന്ന പെൻഷൻ മാത്രമാണ് ഇപ്പോഴുള്ള വനമുത്തശ്ശിയുടെ ഏക വരുമാനം.
1944 -ൽ ഹൊന്നല്ലി ഗ്രാമത്തിലെ ഹലാക്കി സമുദായത്തിലെ നാരായണന്‍റെയും നീലിയുടെയും മകളായി ജനനം.
കുട്ടിക്കാലം മുതലേ അവർക്ക് പരിസ്ഥിതിയെക്കുറിച്ച് കരുതലുണ്ടായിരുന്നു. കഴിഞ്ഞ ആറ് പതിറ്റാണ്ടായി തൻ്റെ കഷ്ടപ്പാടുകൾ അവഗണിച്ച് ഇതിനായി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയായിരുന്നു ഈ മുത്തശ്ശി.
രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചത് അവരെ വല്ലാതെ തളർത്തി. പിന്നീട് കടുത്ത ദാരിദ്ര്യത്തിലായിരുന്നു ജീവിതം. മറ്റ് മാർഗങ്ങളൊന്നുമില്ലാതെ, അവസാനം അമ്മയോടൊപ്പം ഒരു കൂലിത്തൊഴിലാളിയായി ജോലി ചെയ്യേണ്ടി വരുകയായിരുന്നു.
കൂടാതെ തീരെ ചെറുപ്പത്തിൽ തന്നെ ഒരു കുടുംബിനിയായി തീരുകയും ചെയ്തു.
എന്നാൽ ദുരിതങ്ങൾ അവിടെയും അവസാനിച്ചില്ല. അധികം താമസിയാതെ ആ കുടുംബ ബന്ധവും അറ്റുപോയി. കല്യാണം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അവരൊരു വിധവയായി.
ജീവിതത്തിലെ അടിക്കടിയുള്ള തിരിച്ചടികൾ അവരെ ആകെ തളർത്തി. ദുഃഖം മറക്കാൻ വേണ്ടിയാണ് അവര്‍ കുടുതൽ സമയവും കാട്ടിൽ ചെലവഴിക്കാൻ തുടങ്ങിയത്.
വൃക്ഷങ്ങളെ സ്നേഹിക്കുന്നതിലൂടെ അവർ സ്വയം സമാധാനം കണ്ടെത്താൻ ശ്രമിച്ചു. ഇതിലൂടെ ഇതാണ് തൻ്റെ ജീവിത ലക്ഷ്യം എന്നവർ തിരിച്ചറിയുകയായിരുന്നു.
അങ്ങനെ മരങ്ങളെയും വനത്തെയും സംരക്ഷിക്കുന്നതിനായി മുത്തശ്ശി സ്വന്തം ജീവിതം സമർപ്പിച്ചു.
താൻ നട്ടുപിടിപ്പിച്ച തൈകളുടെ ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ഈ മുത്തശ്ശിക്ക് നല്ലപോലെ അറിയാം.
ഒരു ചെടി വളരാൻ എടുക്കുന്ന സമയം, അതും ഓരോ ചെടിക്കും ആവശ്യമായ വെള്ളത്തിൻ്റെ അളവ്, ചെടികളുടെ ഔഷധ ഗുണങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും മുത്തശ്ശിക്ക് കാണാപ്പാഠമാണ്.
സസ്യങ്ങളെക്കുറിച്ച് ഒരു സസ്യശാസ്ത്രജ്ഞനോളം തന്നെ അറിവ് അവർക്കുണ്ട്. അതൊന്നും പുസ്തകത്തിൽ നോക്കി പഠിച്ച് നേടിയതല്ല എന്നു മാത്രം, മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് നേടിയെടുത്തതാണ്.
കഴിഞ്ഞ 60 വർഷമായി മുത്തശ്ശി മരങ്ങളുടെ അമ്മയായി അവരെ പരിപാലിച്ചും, സ്നേഹിച്ചും കഴിഞ്ഞുപോരുന്നു, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. അവരുടെ പ്രവർത്തനങ്ങൾക്ക് ഒരുപക്ഷേ പ്രകൃതി തന്നെ അവർക്ക് നൽകിയ സമ്മാനമായിരിക്കാം ഈ പത്മ പുരസ്‌കാരം.