കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ബുധനാഴ്ച മാത്രം 73 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 563 ആയി.
ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണം കൂടി കണക്കിലെടുക്കുമ്പോള്‍ ഇതുവരെയുള്ള കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 565 ആണ്. ഇന്നലെ മാത്രം ചൈനയില്‍ 3,694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ചികില്‍സയിലുള്ളവരുടെ എണ്ണം 28,000 കടന്നു.
കൊറോണ വൈറസ് സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വുഹാനില്‍ പിറന്ന 30 മണിക്കൂര്‍ പ്രായമായ കുഞ്ഞാണ്. അമ്മയില്‍നിന്നു കുഞ്ഞിലേക്കും വൈറസ് പകരുമെന്ന് ഇത് തെളിയിക്കുന്നു.
ഗര്‍ഭിണിയായിരിക്കെ തന്നെ അമ്മയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഗര്‍ഭാവസ്ഥയിലോ ജനന സമയത്തോ ജനനശേഷമോ അമ്മയില്‍നിന്നു കുഞ്ഞിലേക്ക് രോഗം പകരുന്ന ‘വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍’ ആണ് ഇവിടെ സംഭവിച്ചത്.
കേരളത്തില്‍ കൂടുതല്‍ കൊറോണ ബാധിതര്‍ ഉണ്ടായിട്ടില്ലെങ്കിലും ചൈന ഉള്‍പ്പെടെ ഈ വൈറസ് ബാധിച്ച രാജ്യങ്ങളില്‍ നിന്നു വരുന്നവരെ 28 ദിവസം നിരീക്ഷിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിലവില്‍ 2,528 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.