ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ആദ്യപാദത്തില്‍ മുന്‍ ചാമ്ബ്യന്മാരായ ചെല്‍സി സ്വന്തം ഗ്രൗണ്ടില്‍ ജര്‍മന്‍ വമ്ബന്മാരായ ബയേണിനെ നേരിടും.
ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിക്ക് സ്പാനിഷ് ശക്തികളായ ബാഴ്സലോണയാണ് എതിരാളി. രാത്രി 1.30-നാണ് കിക്കോഫ്. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ഫോമിലേക്ക് മടങ്ങിയത്തിയ ബയേണിനെയാണ് യുവശക്തിയില്‍ വിശ്വാസമര്‍പ്പിക്കുന്ന ചെല്‍സിക്ക് നേരിടാനുള്ളത്.
പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെല്‍സി ഇറങ്ങുന്നത്. മാസണ് മൗണ്ട്-ഒളിവര്‍ ജിറൂഡ്-വില്യന് എന്നിവര്‍ കളിക്കുന്ന മുന്‍നിരയാണ് ചെല്‍സിയുടെ ശക്തി. പരിക്കുമൂലം എന്‍ഗോളെ കാന്റെ കളിക്കാത്തത് തിരിച്ചടിയാണ്.
ബുണ്ടസ് ലിഗയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയ ബയേണ്‍ മിന്നുന്നഫോമിലാണ്. സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ ഗോളൊഴിയാത്ത ബൂട്ടുകളിലാണ് ടീമിന്റെ പ്രതീക്ഷ. തോമസ് മുള്ളറും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
പരിക്കുമൂലം ഇവാന് പെരിസിച്ച്, നിക്കാളസ് സുലെ എന്നിവര്‍ കളിക്കാനുണ്ടാകില്ല. സ്പാനിഷ് ലാലിഗയില്‍ മികച്ച ഫോമിലാണ് ബാഴ്സലോണ, ഒപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സിയും.
എന്നാല്‍, പുതിയ പരിശീലകന് ഗന്നാരോ ഗട്ടുസോയുടെ കീഴില്‍ നാപ്പോളി അടിമുടി മാറിക്കഴിഞ്ഞു. ലീഗില്‍ അവസാനം കളിച്ച അഞ്ചു കളികളില്‍ അവര്‍ നാലെണ്ണത്തിലും ജയിച്ചു. കോപ്പ ഇറ്റാലിയയില്‍ ഇന്റര്‍മിലാനെയും അട്ടിമറിച്ചു.