17-കാരിയായ ആദിവാസി വിദ്യാര്‍ഥിനിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്തബന്ധുവായ കൗമാരക്കാരനെ പോലിസ് പിടികൂടി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
പ്രണയം നടിച്ച് ലൈംഗികപീഡനം നടത്തിയശേഷമായിരുന്നു പ്രായപൂര്‍ത്തിയാവാത്ത പ്രതി കൊലപാതകം നടത്തിയതെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. പറഞ്ഞു.
ആധാര്‍രേഖകളനുസരിച്ച് 18 വയസ്സുതികയാന്‍ രണ്ടുമാസംമാത്രം ശേഷിക്കുന്നയാളാണ് കേസില്‍ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രിമുതല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു.
ശനിയാഴ്ചയാണ് വീട്ടില്‍നിന്ന് 250 മീറ്ററകലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ കിണറ്റില്‍ അടിവസ്ത്രംമാത്രം ധരിച്ചനിലയില്‍ മൃതദേഹം കാണപ്പെട്ടത്. പോലീസ് പിടികൂടിയ വ്യക്തിയുമായി നടത്തിയ തെളിവെടുപ്പിനിടെ ഇതേ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയനിലയില്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു.
അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ കിണറ്റിലെ വെള്ളം വറ്റിച്ച് വസ്ത്രങ്ങള്‍ പുറത്തെടുത്തു. ബുധനാഴ്ച പെണ്‍കുട്ടിയെ ബന്ധുവീട്ടിലാക്കിയശേഷം അമ്മയുള്‍പ്പെടെയുള്ളവര്‍ സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരുന്നു. തിരികെവന്നപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു.
ഇതേത്തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് വെള്ളിയാഴ്ച കൊല്ലങ്കോട് പോലീസില്‍ പരാതിയും നല്‍കി. ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൗമാരക്കാനുള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഞായറാഴ്ച തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെള്ളം ശ്വാസകോശത്തിലും മറ്റും കയറിയതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു. പെണ്‍കുട്ടിക്ക് മര്‍ദനമേറ്റതായും ലൈംഗികപീഡനം നടന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.