കോവിഡ് 19 ന് പിന്നാലെ പ്രളയപ്പേടിയില്‍ കേരളം മുങ്ങുന്നു. വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ ദുരന്ത നിവാരണ അതോറിട്ടിയും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ടുപ്രളയങ്ങളും നല്‍കിയ പാഠം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ മുന്‍കൂട്ടി എടുക്കണമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. 2018ലുണ്ടായ ആദ്യ പ്രളയത്തില്‍ നഷ്ടം 45,000 കോടിയെങ്കില്‍ രണ്ടാമത്തെ പ്രളയനഷ്ടം 30,000 കോടിയോളമാണ്.
എന്നാല്‍, കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 37 ദിവസം പിന്നിടുമ്ബോള്‍ സംസ്ഥാനത്തിന്റെ നഷ്ടം 80,000 കോടി കവിഞ്ഞു. സാമ്ബത്തിക പരാധീനതയില്‍ സംസ്ഥാന സര്‍ക്കാര്‍ നട്ടം തിരിയുമ്ബോഴാണ് കാലവര്‍ഷം എത്തുന്നത്.
ഒരേ സമയം രണ്ടു പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനം. വൈറസിനൊപ്പം പ്രളയം കൂടിവന്നാല്‍ അതീവ ഗുരുതരമായ വെല്ലുവിളിയാകും. കൊറോണ വൈറസ് ഭീഷണി സെപ്തംബര്‍ വരെ
തുടരുമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് നല്‍കിക്കഴിഞ്ഞു. വിദേശത്ത് നിന്നും തിരിച്ചു വരുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ പിഴച്ചാല്‍, ഈ കാലയളവും നീളാനാണ് സാധ്യത. പ്രതിരോധ വാക്സിന്‍ കണ്ടു പിടിച്ചിട്ടില്ലെന്നതും തണുപ്പ്
പ്രദേശങ്ങള്‍ വൈറസ് വ്യാപനത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയും വെല്ലുവിളിയാകും. ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുന്ന ആദ്യ ന്യൂനമര്‍ദ്ദം, മെയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായ് മാറുമെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണ കേരളത്തിലും, തമിഴ്നാട്ടിലും, ശ്രീലങ്കയിലും ഈ വര്‍ഷം പതിവിലും കൂടുതല്‍ കാലവര്‍ഷം ലഭിക്കും.
പ്രളയസാധ്യത കണക്കിലെടുത്ത് കേരളം ഈ വര്‍ഷവും കനത്ത ജാഗ്രത പുലര്‍ത്തണമെന്നും, കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് പ്രളയത്തെ അതിജീവിച്ച കേരളത്തില്‍,
മൂന്നാമത്തെ പ്രളയം വരാന്‍ പോകുന്നുവെന്നാണ് പ്രവചനം.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 2049 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കുക. ലോംഗ് റേഞ്ച് മോഡലുകള്‍ പ്രകാരം ഈ വര്‍ഷം ഏറ്റവും ശക്തമായ മഴ കേരളത്തില്‍ ലഭിക്കും.