താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് പ്രമുഖ നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍. ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടവരുന്ന വ്യാജ വാര്‍ത്തകളില്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ അഭ്യര്‍ഥിച്ചു.
“കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നു” എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ കുടുംബ ചിത്രവും ചേര്‍ത്ത് പ്രചരിപ്പിക്കപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
“ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല ! ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുത്,” ഷാജോണ്‍ കുറിച്ചു.
ധര്‍മ്മജന്‍, രമേഷ് പിഷാരടി, ഇടവേള ബാബു തുടങ്ങി നിരവധി സിനിമ പ്രവര്‍ത്തകര്‍ നേരത്തേ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബാലുശ്ശേരിയില്‍ നിന്ന് കോണ്‍ഗ്രസിനായി ഇക്കുറി ജനവിധി തേടുന്നത് ധര്‍മജന്‍ ബോള്‍ഗാട്ടിയാണ്.
നേരത്തേ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഇന്നസെന്റിനെ കുറിച്ചും ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്നസെന്റ് പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹവും ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.