പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. പി ബാലചന്ദ്രന്‍ എന്ന പേര് മലയാള സിനിമയുടെ തിരശ്ശീലയില്‍ തെളിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.
എങ്കിലും ആ പേരിനുടമ ആരാണെന്നോ ശ്രദ്ധേയങ്ങളായ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥകൃത്ത് ആരാണെന്നും മലയാളി തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല.
ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു തുടങ്ങിയതോടെയാണ് പി ബാലചന്ദ്രന്‍ എന്ന തിരക്കഥകൃത്തിനെയും അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങളെയും ഭൂരിഭാഗം ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
ഉള്ളടക്കം,അങ്കിള്‍ ബണ്‍,പവിത്രം,തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, പുനരധിവാസം,അഗ്‌നിദേവന്‍ തുടങ്ങിയ സിനിമകള്‍ എഴുതിയ അദ്ദേഹമാണ് എന്ന് ഇന്നത്തെ തലമുറ
തിരിച്ചറിഞ്ഞപ്പോഴേക്കും കമ്മട്ടിപ്പാട്ടം എന്ന അതിശക്തമായ തിരക്കഥയിലുടെ പുതുതലമുറയെയും അദ്ദേഹം വിസ്മയിപ്പിച്ചു. പി ബാലചന്ദ്രന് മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മോഹന്‍ലാല്‍ പി ബാലചന്ദ്രന്റെ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്. ആദരാഞ്ജലികള്‍ ബാലേട്ടാ എന്നാണ് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായ ഉള്ളടക്കത്തിന്റെ തിരക്കഥാകൃത്താണ് പി ബാലചന്ദ്രന്‍.
സിനിമയുടെയും നാടകത്തിന്റെയും വഴികളിലൂടെ മാറിമാറി സഞ്ചരിച്ച പ്രതിഭയായിരുന്നു പി ബാലചന്ദ്രന്‍. രണ്ട് കലകളുടെയും ഭാഷ നന്നായി വഴങ്ങിയ അപൂര്‍വ്വം പ്രതിഭകളില്‍ ഒരാള്‍. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ തിരക്കഥകളിലൂടെ സിനിമയില്‍
തന്റെതായ ഇടം കണ്ടെത്തിയ ബാലചന്ദ്രന്‍ തന്നെയാണ് പാവം ഉസ്മാനും മായസീതാങ്കവും പോലുള്ള നാടകങ്ങളും എഴുതിയത്. സിനിമയില്‍ സജീവമായപ്പോഴും നാടകത്തെ രണ്ടാം നിരയിലേക്ക് മാറ്റാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.
നടനും തിരക്കഥാകൃത്തും സംവിധായകനുമായി ചലച്ചിത്രരംഗത്ത് തിളങ്ങുമ്ബോഴും ഒരു നാടകജീവിതം എപ്പോഴും ഉള്ളില്‍ക്കൊണ്ടുനടന്നിരുന്നു പി.ബാലചന്ദ്രന്‍. അടിസ്ഥാനപരമായി തന്റെ പ്രതിഭ നാടകമെഴുത്തിലാണെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചു.
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഗസ്റ്റ് ലക്ചററായിട്ടാണ് ബാലചന്ദ്രന്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.പിന്നീട് എംജി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അദ്ധ്യാപകനായി. 2012ല്‍ വിരമിച്ചു.
ഈ കാലയളവില്‍ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും സ്‌നേഹപൂര്‍വം ബാലേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്. സിനിമയില്‍ ആയിരുന്നപ്പോഴും ഈ വിളിക്ക് മാറ്റമൊന്നും ഉണ്ടായില്ല. എല്ലാവരുടെയും പ്രിയപ്പെട്ട ബാലേട്ടനായിരുന്നു അദ്ദേഹം.