സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും തത്കാലം വരാന്ത്യ ലോക്ക് ഡൗണ്‍ അടക്കമുള്ള കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോഗത്തിലാണ്
ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ താമസിക്കുന്ന എല്ലാവരേയും കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കും.
ഈ പ്രദേശത്തെ വീടുകളിലെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.
ഇതോടൊപ്പം രണ്ടാം തരംഗത്തില്‍ കേരളത്തില്‍ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം ഈ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു,
വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അടിയന്തര സാഹചര്യം നേരിടാന്‍ തക്കവണ്ണം സജ്ജമാണെന്ന വിലയിരുത്തലും ഇന്നത്തെ യാേഗത്തില്‍ ഉണ്ടായി. സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പോസിറ്റിവിറ്റി
റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇന്ന് മുതല്‍ നിലവില്‍ വരുന്ന രാത്രികാല കര്‍ഫ്യുവിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.