കുടുംബ വഴക്കിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ കയറി യുവാവിന്റെ എയര്‍ ഗണ്‍ ആക്രമണം. അട്ടപ്പള്ളത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. അട്ടപ്പള്ളത്തു മംഗലത്താര്‍ വീട്ടില്‍ അന്തോണിയമ്മാള്‍ക്കും മക്കള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.
യുവാവിന് ഉന്നം തെറ്റിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ആറ്റുപ്പതി സ്വദേശി ബോസ്‌കോയ് ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയി. ഇയാള്‍ ഉപയോഗിച്ച എയര്‍ഗണ്ണും ഉണ്ടയും ബന്ധുക്കള്‍ പൊലീസിനു കൈമാറി.
ബൈക്കിലെത്തിയ ബോസ്‌കോ വീട്ടിലേക്ക് ഓടിക്കയറി അടുക്കളയിലായിരുന്ന അന്തോണിയമ്മാളെ എയര്‍ ഗണ്‍ ഉപയോഗിച്ചു നിറയൊഴിച്ചു. ആദ്യ വെടി ഉന്നം തെറ്റി വാതിലില്‍ പതിച്ചു.
ശബ്ദം കേട്ടു മക്കളും മരുമക്കളും ഓടിയെത്തി. വീണ്ടും വെടിയുതിര്‍ക്കാന്‍ ഉന്നം പിടിച്ച ബോസ്‌കോയെ ഇവര്‍ തള്ളിമാറ്റിയെങ്കിലും വീണ്ടും വെടി പൊട്ടി. അഞ്ച് തവണ നിറയൊഴിച്ചെങ്കിലും ഉന്നം തെറ്റി ഭിത്തിയിലും വാതിലിലുമായാണു പതിച്ചത്.
തുടര്‍ന്ന് പ്രതി ഇറങ്ങിയോടി ബൈക്കില്‍ രക്ഷപ്പെട്ടു.സംഭവത്തിനു പിന്നാലെ ഇയാളുടെ സഹോദരന്‍ അന്തോണി വധഭീഷണി മുഴക്കി വീട്ടിലെത്തിയെന്നും അന്തോണിയമ്മാള്‍ പറയുന്നു.