വ്യാജ ഇ മെയില്‍ ഐഡി ഉപയോഗിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ ധനസഹായാഭ്യര്‍ഥന നടത്തി പണപ്പിരിവു നടത്തുന്നതായി പരാതി. കെപിസിസി കടുത്ത സാമ്പത്തിക
പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സാമ്പത്തികമായി സഹായിക്കണമെന്ന മുല്ലപ്പള്ളിയുടെ പേരിലുള്ള വ്യാജ അഭ്യര്‍ഥന കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് അടക്കം ലഭിച്ചതോടെയാണ് തട്ടിപ്പു ശ്രദ്ധയില്‍ പെട്ടത്.
തന്റെ പേരില്‍ വ്യാപകമായി പണപ്പിരിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടര്‍ന്നു സഹപ്രവര്‍ത്തകരാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തന്റെ പേരില്‍ വ്യാജ ഇ മെയില്‍ ഐഡി ഉണ്ടാക്കി ഇത്തരം തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടി
കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. വ്യാജ സന്ദേശത്തില്‍ ആരും വീഴരുതെന്നും അഭ്യര്‍ഥിച്ചു