വിഴിഞ്ഞം ബോട്ടപകടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ സഭ. മൂന്ന് മല്‍സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം അനാസ്ഥയാണെന്നാണ് സഭയുടെ ആരോപണം. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല.
അതു നടപ്പാക്കാത്തത് കൊണ്ടാണ് മൂന്ന് ജീവനുകള്‍ നഷ്‌ടമായതെന്ന് ലത്തീന്‍ സഭ സഹായമെത്രാന്‍ വ്യക്തമാക്കി. അപകടം നടക്കുമ്ബോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോലും വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ലെന്ന് ഇടവക വികാരി ആരോപിച്ചു.
വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശികളായ ജോസഫ്, ഡേവിഡ്‌സണ്‍, വിഴിഞ്ഞം സ്വേദശി ശബരിയാര്‍, എന്നിവരുമാണ് മരിച്ചത്. വിഴിഞ്ഞത്ത് നിന്നും കടലില്‍ പോയി ചൊവ്വാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
അപകടദിവസം തന്നെ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഹാര്‍ബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാന്‍ ശ്രമിക്കുമ്ബോഴായിരുന്നു മണല്‍ത്തിട്ടയിലിടിച്ച് വള്ളങ്ങള്‍ മറിഞ്ഞത്.
വിഴിഞ്ഞത്ത് ആരംഭിക്കുന്ന അദാനി പോര്‍ട്ടിന്റെ നിര്‍മാണത്തിനായി മാറ്റിയ മണ്ണാണ് ഹര്‍ബറില്‍ ഇട്ടത്. ഇതാണ് അപകട കാരണമായതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.