സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അന്തിമ തീരുമാനം വ്യാഴാഴ്ചക്കുള്ളില്‍ അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.
കോവിഡിന്റെ അടക്കം പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നും മൂല്യനിര്‍ണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശര്‍മയാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു വിശദമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതി അറിയിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്നതും പരിഗണനയിലുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്.
ചില സംസ്ഥാനങ്ങള്‍ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. വിദ്യാര്‍ഥികളുടെ 9,10,11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച് ഇന്റേണല്‍ മാര്‍ക്ക് നല്കുന്ന കാര്യമാണ് ആലോചനയിലുള്ളത്. 19 വിഷയങ്ങളില്‍ ഓഗസ്റ്റില്‍ പരീക്ഷ നടത്തുന്നതു സംബന്ധിച്ചു നിര്‍ദേശം സിബിഎസ്ഇയും കേന്ദ്രസര്‍ക്കാരും മുന്നോട്ടു വച്ചിരുന്നു.