രോഗപ്രതിരോധ വാക്സിന്‍ നിര്‍മാണ മേഖലയിലേക്ക് കടക്കുന്നതിനായി വാക്സിന്‍ ഗവേഷണം കേരളത്തില്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലാണ്
വാക്സിന്‍ ഗവേഷണം ആരംഭിക്കുക. 10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍കൈയെടുത്ത് ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന കമ്ബനികളുടെ യൂണിറ്റ് ആരംഭിക്കുന്നതിന്‍റെ സാധ്യത തേടും.
ഇതിനായി കമ്ബനികളുമായി ആശയവിനിമയം നടത്തും. പൊതുസൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ വാക്സിന്‍ കമ്ബനികള്‍ ഉല്‍പ്പാദന യൂണിറ്റ് കേരളത്തില്‍ തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതായി ധനമന്ത്രി സൂചിപ്പിച്ചു.
അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ മാതൃകയില്‍ സ്ഥാപനം കേരളത്തില്‍ ആരംഭിക്കുന്നതിന്‍റെ സാധ്യതാപഠനം നടത്തും. മെഡിക്കല്‍ ഗവേഷണത്തിനും സാംക്രമിക രോഗങ്ങളെ തടയുന്നതിനും ഇത്തരമൊരു
സ്ഥാപനം ഭാവിയില്‍ മുതല്‍ക്കൂട്ടാകുമെന്ന് ബജറ്റില്‍ ചൂണ്ടിക്കാട്ടി. സാധ്യതാപഠനത്തിനും പദ്ധതി രൂപരേഖ തയാറാക്കുന്നതിനുമായി 50 ലക്ഷം രൂപയാണ് വകയിരുത്തിയത്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടിയുടെ രണ്ടാം
പാക്കേജാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതിക്കായി 1000 കോടി അനുവദിച്ചു. മെഡിക്കല്‍ കോളജില്‍ പകര്‍ച്ചവ്യാധി ബ്ലോക്ക് നിര്‍മിക്കാന്‍
50 കോടി നീക്കിവെച്ചു. സി.എച്ച്.സികളില്‍ 10 ബെഡുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കും. ഒരു കേന്ദ്രത്തിന് മൂന്നുകോടി ചെലവുവരും. 636.5 കോടി രൂപ ആകെ ചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപ വകയിരുത്തി.