Breaking News

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നു; ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍; അറിയാം…

സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ ആരാധനാലയങ്ങള്‍ തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒരേ സമയം 15 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

ക്ഷേത്രങ്ങളില്‍ അന്നദാനം അനുവദിക്കില്ല. ബലിതര്‍പ്പണ ചടങ്ങുകള്‍ സാമൂഹിക അകലം പാലിച്ച്‌ നടത്താം. സപ്താഹം, നവാഹം എന്നിവയ്ക്കും അനുമതിയില്ല. പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദര്‍ശനം പുനരാരംഭിക്കും.

ഒരേസമയം 15 പേരില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കില്ല. ഓരോ പത്ത് മിനിറ്റിലും ഓരോ നടകളില്‍ കൂടി മൂന്ന് പേര്‍ക്ക് വീതമായിരിക്കും ദര്‍ശനം അനുവദിക്കുക. ഗുരുവായൂരില്‍ ഒരു ദിവസം 300 പേര്‍ക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക.

ഒരേ സമയം 15 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനാകുക. 10 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹങ്ങള്‍ക്കും അനുമതി നല്‍കും. പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയായിരിക്കും.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍. നാല് വിഭാഗങ്ങളായി തിരിച്ച്‌ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്കം ഇളവുകള്‍ക്കും പുറമേയാണിത്.

ആഴ്‌ചയില്‍ അഞ്ച് ദിവസവും ബാങ്കുകള്‍ തുറക്കാം. എന്നാല്‍ ചൊവ്വയും വ്യാഴവും പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുണ്ടാകില്ല. വിഭാഗം എയിലും ബിയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 ശതമാനം വരെ ജീവനക്കാരെ അനുവദിക്കും.

സി വിഭാഗത്തില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കും. കര്‍ശന നിയന്ത്രണങ്ങളോടെ ടെലിവിഷന്‍ പരമ്ബര ചിത്രീകരണത്തിനും അനുമതി നല്‍കി.

ഇന്‍ഡോര്‍ ചിത്രീകരണമാണനുവദിക്കുക. ഇളവുകള്‍ക്കായി തദ്ദേശസ്ഥാപനങ്ങളെ നാലു വിഭാഗങ്ങളാക്കി തിരിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ശരാശരി രോഗസ്ഥിരീകരണ നിരക്കില്‍ മാറ്റം വരുത്തിയിരുന്നു.

ഇതനുസരിച്ച്‌ ശരാശരി ടിപിആര്‍ എട്ടില്‍ താഴെയുള്ള തദ്ദേശസ്ഥാപനങ്ങള്‍ എ വിഭാഗത്തിലും, ശരാശരി ടിപിആര്‍ 8 നും 16 നും ഇടയിലുളളവ ബി വിഭാഗത്തിലും, ശരാശരി ടിപിആര്‍ 16 നും 24 നും ഇടയിലുള്ളവ സി വിഭാഗത്തിലും, ശരാശരി ടിപിആര്‍ 24

നു മുകളിലുള്ളവ ഡി വിഭാഗത്തിലും ഉള്‍പ്പെടുന്നു. ഡി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ഒരു ബസ് മാത്രമുള്ള റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസിന് ഗതാഗതവകുപ്പ് അനുമതി നല്‍കി.

ഇത്തരം റൂട്ടുകളില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് നടപടി. ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഒറ്റ-ഇരട്ട നമ്ബര്‍ നിയന്ത്രണമില്ലാതെ സര്‍വീസ് നടത്താവുന്നതാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …