യൂറോ കപ്പ് ഫൈനലില്‍ കിരീടം നഷ്ടമായെങ്കിലും ടീമിനെ ഫൈനല്‍ വരെ എത്തിച്ച പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റ് തന്നെ ടീമിനെ ഖത്തര്‍ ലോകകപ്പിലും നയിക്കുമെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍.
55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തീര്‍ത്തും നിരാശ സമ്മാനിക്കുന്നതായിരുന്നു യൂറോ കപ്പ് ഫൈനലിലെ തോല്‍വി. അത് സ്വന്തം
തട്ടകത്തിലായത് ഇംഗ്ലണ്ട് ആരാധകരെ വളരെ വലിയ രീതിയില്‍ വൈകാരികമായി സ്വാധീനിച്ചിരുന്നു. ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി
സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി കീഴടക്കിയത്. ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ഇറ്റലിയുടെ വിജയം.
തോല്‍വിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ആരൊക്കെ പെനാല്‍റ്റി എടുക്കണമെന്നു തീരുമാനിച്ച തനിക്കാണെന്ന് ഏറ്റു പറഞ്ഞുകൊണ്ട് ഗാരത് സൗത്ത്‌ഗേറ്റ് രംഗത്തെത്തിയിരുന്നു. പെനാല്‍റ്റി എടുക്കാന്‍
യുവതാരങ്ങളെ തെരഞ്ഞെടുത്ത സൗത്ത്‌ഗേറ്റിന്റെ രീതി വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ആരൊക്കെ പെനാല്‍റ്റി എടുക്കണം എന്നത് തന്റെ മാത്രം തീരുമാനമായിരുന്നു എന്നാണ്
സൗത്ത്ഗേറ്റിന്റെ പ്രതികരിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ മൂന്ന് കിക്കുകള്‍ നഷ്ടമാക്കിയതാണ് ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ഇപ്പോഴിതാ ഇംഗ്ലണ്ട് ടീമിനെ ഏറ്റവും
മികച്ച നിലയില്‍ എത്തിച്ച കോച്ചാണ് സൗത്ത് ഗേറ്റെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങളില്‍ ടീമിന് വിശ്വാസമുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍.
ഇംഗ്ലണ്ട് പരിശീലകസ്ഥാനത്ത് തുടരുമെന്ന് സൗത്ത്‌ഗേറ്റും വ്യക്തമാക്കി. ഇംഗ്ലണ്ടുമായി 2022 അവസാനം വരെയാണ് സൗത്ത്‌ഗേറ്റിന് കരാറുള്ളത്. അതേ സമയം, കരാര്‍ നീട്ടുന്നതിനെ പറ്റി ചിന്തിക്കാന്‍ പറ്റിയ അനുയോജ്യമായ സമയമല്ല ഇതെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.