ബെംഗളൂരു എഫ്സി താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് മാറ്റിവച്ച എഎഫ്സി പ്ലേ ഓഫ് മത്സരം ഓഗസ്റ്റ് 15ന്. മാൽദീവ്സ് ക്ലബ് ഈഗിൾസിനെയാണ് അവരുടെ നാട്ടിൽ വച്ച് ബെംഗളൂരു നേരിടുക.
മത്സരത്തിൽ വിജയിക്കുന്ന ടീം എടികെ മോഹൻബഗാൻ, മാസിയ, ബസുന്ധര കിംഗ്സ് എന്നീ ടീമുകൾക്കൊപ്പം ഡി ഗ്രൂപ്പിൽ ഇടം നേടും. ബെംഗളൂരു എഫ്സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മെയ് മാസത്തിലാണ് മത്സരത്തിനായി മാൽദീവ്സിലെത്തിയ ബെംഗളൂരു ടീം അംഗങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത്. ക്ലബിലെ മൂന്ന് അംഗങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ക്ലബിനോട് രാജ്യം വിടാൻ മാൽദീവ്സ് നിർദ്ദേശം
നൽകിയിരുന്നു. മാൽദീവ്സ് കായികമന്ത്രി അഹ്മദ് മഹ്‌ലൂഫാണ് ബെംഗളൂരു താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് വെളിപ്പെടുത്തിയത്. “കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുവഴി
അംഗീകരിക്കാനാവാത്ത പെരുമാറ്റമാണ് ബെംഗളൂരു എഫ്സിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ക്ലബ് ഉടൻ മാൽദീവ്സ് വിടണം. ഇത്തരം പെരുമാറ്റങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല. ഈ മത്സരം നടത്താനാവില്ലെന്ന് ഞങ്ങൾ
അധികൃതരെ അറിയിച്ചിട്ടുണ്ട്. ബെംഗളൂരു എഫ്സിയുടെ തിരിച്ചുപോക്കിനുള്ള നടപടികളെടുക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു.”- മഹ്‌ലൂഫ് ട്വീറ്റിലൂടെ പറഞ്ഞു. ഇതിനു പിന്നാലെ പാർത്ഥ്
ജിൻഡാൽ മാപ്പപേക്ഷിച്ച് ട്വീറ്റ് ചെയ്തു. “ഞങ്ങളുടെ മൂന്ന് വിദേശ താരങ്ങളുടെ നീതീകരിക്കാനാവാത്ത പെരുമാറ്റത്തിൽ ബെംഗളൂരു എഫ്സിക്ക് വേണ്ടി ഞാൻ മാപ്പ്
അപേക്ഷിക്കുന്നു. അവർക്കെതിരെ കടുത്ത നടപടിയെടുക്കും. ഇത് ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും.”- ജിൻഡാൽ ട്വീറ്റ് ചെയ്തു.