ഹിമാചലിലും ജമ്മുവിലും കനത്ത മഴ തുടരുകയാണ്. ഹിമാചൽപ്രദേശിലും കശ്മീരിലും കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ പെട്ട് 16 പേർ മരിച്ചു. 21 പേരെ കാണാതായി. ഇവർക്കു വേണ്ടി തിരച്ചിൽ
തുടരുന്നു.ജമ്മുവിലെ കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തെയാണ് പ്രളയം തകർത്തത്. കൂടാതെ ലഡാക്കിലെ കാർഗിലിൽ രണ്ടിടത്ത് കനത്ത പേമാരിയുണ്ടായി. ഒരു ജലവൈദ്യുത പദ്ധതിക്ക് കേടു സംഭവിച്ചു.
ഹിമാചലിൽ മണ്ണിടിഞ്ഞ് മിക്ക റോഡുകളും തകർന്നു. ഹിമാചലിൽ 9 പേരുടെ മൃതദേഹം കണ്ടെത്തി. 7 പേരെ കാണാതായി. ഉദയ്പുരിൽ 7 പേരും ചമ്പയിൽ 2 പേരും ആണ് മരിച്ചത്. ഡൽഹിയിൽ നിന്നുള്ള വിനോദസഞ്ചാരിയും
വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുൾപ്പെടെ കുളു ജില്ലയിൽ 4 പേരെയാണ് കാണാതായത്. ജമ്മുവിലെ കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയുണ്ടായ പ്രളയത്തിൽ 7 പേരുടെ മൃതദേഹം കണ്ടെത്തി. 14 പേരെ കാണാതായെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ മുപ്പതോളം പേരെ കാണാനില്ലെന്നാണ് സൂചന.