ഡൽഹി സാക്ഷ്യം വഹിക്കുന്നത് 18 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക്. യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിലേക്ക് ഉയരുകയാണ്. പ്രളയ ഭീഷണിയിൽ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത നിർദേശം നൽകി.
ശരാശരി 210 മില്ലിമീറ്റർ മഴലഭിക്കുന്നിടത്ത് ഇക്കഴിഞ്ഞ ജൂലൈയിൽ 507 മില്ലിമീറ്ററാണ് ഡൽഹിയിൽ പെയ്തത്. പരിസരപ്രദേശമായ നോയ്ഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലൊക്കെ തുടർച്ചയായി മഴപെയുകയാണ്.
ഓഗസ്റ്റ് നാല് വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. യമുന നദിയിൽ ജലനിരപ്പ് അപകടനിലയായ 205.33 മീറ്ററിനോട് അടുക്കുകയാണ്. ഇന്ന് ജലനിരപ്പ് 205.28 മീറ്ററിലെത്തി.
നദി തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. യമുന നദിയുടെ തീരത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. ഡൽഹിയിലെ കനത്ത ചൂടിന് ആശ്വാസകരമായാണ് തുടർച്ചയായ മഴചെയ്തത്.
എന്നാൽ മഴശക്തമായതോടെ ഡൽഹിയുടെ താഴ്ന്നപ്രദേശങ്ങളൊക്കെ വെള്ളത്തിലായി. നിരവധി റേഡുകളും അടിപാതകളും വെള്ളകെട്ടിലാണ്. സംസ്ഥാനത്ത് പലയിടത്തും റോഡ് ഇടിഞ്ഞുതാണു.