ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടംബം രംഗത്ത്. പൊലീസുകാർ തെളിവ് നശിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. രാഹുൽ ഗാന്ധി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സമര സ്ഥലത്താണ് രാഹുൽ ഗാന്ധി പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചത്.
പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച രാഹുൽ ഗാന്ധി കുടുംബത്തിന് നീതി ലഭിക്കണമെന്ന് അറിയിച്ചു. നീതി ലഭിക്കും വരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ രാഹുൽ ഗാന്ധി പെൺകുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. ദലിത്പെൺകുട്ടിയും ഇന്ത്യയുടെ മകളാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തുടർന്ന് അപ്രതീക്ഷിതമായാണ് രാവിലെ സമര സ്ഥലത്ത് എത്തി
ചേർന്ന് പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചത്. കഴിഞ്ഞ ദിവസം തന്നെ കോൺഗ്രസ്, ആം ആദ്മി പാർട്ടി ഉൾപ്പെടയുള്ള പാർട്ടികൾ പെൺകുട്ടിയുടെ കുടുംബത്തിന് പിന്തുണ അറിയിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും സംഭവത്തിൽ പ്രതികരണം അറിയിച്ചിരുന്നു.