Breaking News

ഡിബാല തിരിച്ചെത്തി; ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു…

2022 ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടുന്നതിനായി അടുത്ത മാസം നടക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ അര്‍ജന്റീന. കോപ്പ അമേരിക്കയിലും അതിന് മുന്‍പുള്ള മത്സരങ്ങളിലും ടീമില്‍ ഇല്ലാതിരുന്ന പൗളോ ഡിബാല ഒരിടവേളയ്ക്ക് ശേഷം ടീമിലേക്ക്

തിരിച്ചെത്തിയിട്ടുണ്ട് എന്നതാണ് അര്‍ജന്റീന ടീമിലെ പ്രധാന മാറ്റം. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനൊപ്പം പുതിയ സീസണില്‍ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഡിബാലയ്ക്ക് ടീമിലേക്കുള്ള വിളിയെത്തിയത്.

2019 കോപ്പ അമേരിക്ക ടീമിലുണ്ടായിരുന്ന ഡിബാല ഇതുവരെ അര്‍ജന്റീനയ്ക്കായി 29 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതേസമയം പരിക്കേറ്റ സെര്‍ജിയോ അഗ്വേറോയെ ടീമില്‍ നിന്നും ഒഴിവാക്കി.

അഗ്വേറോയ്ക്ക് പുറമെ പരിക്ക് പറ്റിയതിനാല്‍ മൗറോ ഇക്കാര്‍ഡിക്കും ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റതാണ് ഇക്കാര്‍ഡിക്ക് തിരിച്ചടിയായത്.

യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ മറ്റ് സൂപ്പര്‍ താരങ്ങള്‍ എല്ലാവരും തന്നെയുണ്ട്. സെപ്റ്റംബറില്‍ നടക്കുന്ന മത്സരങ്ങളില്‍ സെപ്റ്റംബര്‍ മൂന്നിന് വെനസ്വേലയെയും അഞ്ചിന് ബ്രസീലിനെയും പത്തിന് ബൊളീവിയയെയും നേരിടും.

ബാഴ്‌സലോണ വിട്ട് പി എസ് ജിയില്‍ എത്തി സഹതാരങ്ങള്‍ ആയതിന് ശേഷം മെസ്സിയും നെയ്മറും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുന്ന ആദ്യ മത്സരം എന്ന പ്രത്യേകതയും സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന ബ്രസീല്‍ അര്‍ജന്റീന പോരാട്ടത്തിനുണ്ട്.

ഇരുവരും അവസാനം ഏറ്റുമുട്ടിയത് അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലിലായിരുന്നു. അന്ന് അര്‍ജന്റീനയുടെ ഡി മരിയ നേടിയ ഗോളില്‍ ബ്രസീലിനെ 1-0ന് തോല്‍പ്പിച്ച്‌ മെസ്സിയും സംഘവും കിരീടം നേടിയിരുന്നു.

കോപ്പ കിരീടം നേടിയ ഭൂരിഭാഗം കളിക്കാരെയും യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലും അര്‍ജന്റീന പരിശീലകനായ ലയണല്‍ സ്കലോണി നിലനിര്‍ത്തിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമുകള്‍

ഉള്‍പ്പെടുന്ന മേഖലയില്‍ ആറ് മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന. അത്രയും മത്സരങ്ങളില്‍ നിന്നും 18 പോയിന്റുമായി ബ്രസീലാണ് സ്ഥാനത്ത്.

ഗോള്‍കീപ്പര്‍മാര്‍: ഫ്രാ​ങ്കോ അര്‍മാനി (റിവര്‍​പ്ലേറ്റ്​), എമിലിയാനോ മാര്‍ട്ടിനസ്​ (ആസ്റ്റണ്‍ വില്ല), യുവാന്‍ മുസ്സോ (അറ്റ്​ലാന്‍റ), ജെറോനിമോ റുല്ലി (വിയ്യാറയല്‍)

ഡിഫന്‍ഡര്‍മാര്‍: ഗോണ്‍സായോ മോണ്ടീല്‍, മാര്‍കോസ്​ അക്യുന (സെവിയ്യ), നഹുവേല്‍ മോലിന (ഉഡിനെസ്), ക്രിസ്റ്റ്യന്‍ റൊമേരോ (ടോട്ടനം), നികോളസ്​ ഒട്ടമെന്‍ഡി (ബെന്‍ഫിക്ക), യുവാന്‍ ഫോയ്​ത്ത്​ (വിയ്യാറയല്‍),

ലൂകാസ്​ മാര്‍ട്ടിനസ്​ (ഫിയോറന്‍റീന), ജര്‍മന്‍ പെസെല്ല (റയല്‍ ബെറ്റിസ്​), ലിസാന്ദ്രോ മാര്‍ട്ടിനസ്​, നികോളസ്​ താഗ്ലിയാഫിക്കോ (അയാക്​സ്​)

മിഡ്​ഫീല്‍ഡര്‍മാര്‍: റോഡ്രിഗോ ഡി പോള്‍ (അത്​ലറ്റികോ മഡ്രിഡ്​), ലിയാണ്ട്രോ പരേഡസ്​ (പിഎസ്​ജി), ജിയോവനി ​ലോ സെല്‍സോ (ടോട്ടന്‍ഹാം), എക്​സിക്വില്‍ പലാസിയോസ്​ (ബയേര്‍ ലെവര്‍കുസന്‍),

ഗ്വിഡോ റോഡ്രിഗസ്​ (റയല്‍ ബെറ്റിസ്​), നികോളസ്​ ഡോമിന്‍ഗസ്​ (ബോളോന), എമിലിയാനോ ബ്വന്‍ഡിയ (ആസ്റ്റണ്‍ വില്ല), അലക്​സാന്ദ്രോ ഗോമസ്​ (സെവിയ്യ)

ഫോര്‍വേഡ്​സ്​: ലയണല്‍ മെസ്സി, എയ്​ഞ്ചല്‍ ഡി മരിയ (പിഎസ്​ജി), ലൗറ്ററോ മാര്‍ട്ടിനസ്​ (ഇന്‍റര്‍ മിലാന്‍), നികോളസ്​ ഗോണ്‍സാലസ്​ (ഫിയോറന്‍റീന), എയ്​ഞ്ചല്‍ കൊറിയ (അത്​ലറ്റിക്കോ മാഡ്രിഡ്),

പൗളോ ഡിബാല (യുവന്‍റസ്​), ജൂലിയന്‍ ആല്‍വറസ്​ (റിവര്‍പ്ലേറ്റ്​), ജോക്വിന്‍ ​കൊറിയ (ലാസിയോ)

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …