ചട്ടങ്ങള്‍ മറികടന്ന് രാകേഷ് അസ്താന ഐപിഎസിനെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ചെന്ന ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കാന്‍ ദില്ലി ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഹൈക്കോടതി ഉത്തരവിന് ശേഷം സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ സംഘടന സമര്‍പ്പിച്ച
ഹര്‍ജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, രാകേഷ് അസ്താനയുടെ നിയമനം റദ്ദാക്കണമെന്നും, പുതിയ കമ്മിഷണറെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാണ്
ഹര്‍ജിയിലെ ആവശ്യം. വിരമിക്കാന്‍ നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ചത് സുപ്രീംകോടതി വിധിയുടെയും, സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് ഹര്‍ജിയിലെ ആരോപണം.