ഓണ്‍ലൈന്‍ യോഗം ഒളിച്ചോട്ടമാണെന്ന് ആക്ഷേപമുയര്‍ന്നതോടെ കോര്പറേഷന് കൗണ്‍സില്‍ ഹാളിലെ സാധാരണ യോഗമാക്കി മാറ്റി ഭരണപക്ഷത്തിെന്റ ചുവട് മാറ്റം. ഓണ്‍ലൈന്‍ യോഗം വേണ്ടെന്നും നേരിട്ടു പങ്കെടുക്കാമെന്നും വ്യക്തമാക്കി തങ്ങളെടുത്ത നിലപാടിന് അംഗീകാരമാണിതെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. എങ്കിലും ഏതാനും പേര് ഓണ്‍ലൈനായി തന്നെയാണ് പങ്കെടുത്തത്.
മേയറെ വളഞ്ഞുവെക്കുന്ന സമരങ്ങള്‍ ഒഴിവാക്കണമെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും കൗണ്‍സിലര്‍മാര്‍ മാതൃകയാകണമെന്നുമുള്ള അഭ്യര്‍ഥനയോടെയായിരുന്നു കൗണ്‍സില്‍ യോഗം ആരംഭിച്ചത്.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായും അധികാരാവകാശങ്ങള്‍ കവര്‍ന്നും മേയര്‍ പ്രവര്‍ത്തിച്ചതാണ് കഴിഞ്ഞ കൗണ്‍സിലിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സമാന നിലപാട് തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ കക്ഷി നേതാവ് രാജന് ജെ. പല്ലനും ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് എന്‍. പ്രസാദും അഭ്യര്‍ഥനക്കുള്ള വിശദീകരണത്തില്‍ മറുപടി നല്കി.
മാസ്റ്റര്‍ പ്ലാന്‍ വിഷയം വീണ്ടും പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും മേയര്‍ മറുപടി നല്‍കിയില്ല. അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് മേയര്‍ നല്കിയ 10 കോടി രൂപയുടെ മുന്‍കൂര്‍ അനുമതി തള്ളിക്കളയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് -ബി.ജെ.പി അംഗങ്ങള്‍ ഒന്നിച്ചതോടെ ഇക്കാര്യത്തില്‍ വോട്ടിങ് വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ വിഷയം ധനകാര്യ കമ്മിറ്റിക്ക് വിട്ടതായി മേയര്‍ പ്രഖ്യാപിച്ചു.
ജനങ്ങള്‍ക്ക് ബാധ്യതയാകുന്ന പദ്ധതിയുടെ മുന്‍കൂര്‍ അനുമതി തള്ളണമെന്ന് രാജന് ജെ. പല്ലന് ആവശ്യപ്പെട്ടു. എല്ലാം നിയമപരം ആണെന്നും ആരെതിര്‍ത്താലും വായ്പ എടുക്കുമെന്നും ഹാള്‍ പണിയുമെന്നും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തിയുടെ വെല്ലുവിളിയും ഏറെ നേരം പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.
നഗരത്തിലെ റോഡുകള്‍ തകര്‍ന്നു കിടന്നിട്ടും അനങ്ങാപ്പാറ നയം തുടരുന്നത് വെല്ലുവിളിയാണെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോണ്‍ ഡാനിയല്‍ പറഞ്ഞു. കോര്പറേഷന് ഓഫിസിന് മുന്നില്‍ സബ്വേക്ക് സമീപം കഴിഞ്ഞ വര്‍ഷം റീ ടാര്‍ ചെയ്തതിെന്റ സമീപത്ത് റോഡ് തകര്‍ന്നു. പൈപ്പുകള്‍ ഇടാനായി റോഡുകള്‍ കുഴിച്ചിട്ടും റീടാര്‍ ചെയ്തിട്ടില്ല.
റോഡുകള്‍ ഒരു കൊല്ലംകൊണ്ട് തകരുന്നുണ്ടെങ്കില്‍ ഉത്തരവാദികളെ ശിക്ഷിക്കണമെന്നും ജോണ്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിച്ചു.
മരാമത്ത് കമ്മിറ്റി അറിയാതെയാണ് ഇടപാടുകള്‍ നടക്കുന്നതെന്നും ഇത് ശരിയല്ലെന്നും ഭരണകക്ഷിയിലെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷീബ ബാബുവും വിമര്‍ശിച്ചു. നഗരത്തിലെ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വന്ന വിഷയം പഠിച്ച് നടപടിയെടുക്കാന്‍ മാറ്റി.