പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലെ ഭരണ- പ്രതിപക്ഷ പോരിനെ വെല്ലുന്ന രീതിയില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിെന്റ ദര്‍ശനമാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ഭരണസമിതി ബഹിഷ്കരണം, ദേവസ്വം കമീഷണര്‍ക്ക് പരാതി നല്കല്, ദേവസ്വം ചടങ്ങുകള്‍ ബഹിഷ്കരിക്കല്‍, ഭരണസമിതി യോഗത്തിലെ ബഹളം, ഇറങ്ങിപ്പോക്ക്, ക്വാറമില്ലാതെ പിരിച്ചുവിടല്‍ എന്നിങ്ങനെ എല്ലാം ഇതിനകം അരങ്ങേറിക്കഴിഞ്ഞു. ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അഡ്മിനിസ്ട്രേറ്റര്‍ പൊലീസിന് പരാതി നല്കുന്നിടത്തും കാര്യങ്ങള്‍ എത്തി.
ഗുരുവായൂരിനെക്കുറിച്ച് നന്നായി അറിയാവുന്ന ജില്ലക്കാരനായ കെ. രാധാകൃഷ്ണന് മന്ത്രിയായതോടെ പ്രശ്നപരിഹാരത്തിന് സാധ്യത തെളിയുമെന്നായിരുന്നു പ്രതീക്ഷ. അതും അസ്ഥാനത്തായി. ഭരണസമിതി ചേരാന്‍ പോലും കഴിയാത്ത വിധത്തിലേക്ക് ഭിന്നത വളര്‍ന്നു. സി.പി.എമ്മിെന്റ രണ്ട് അംഗങ്ങള്‍ തന്നെ ഇരുചേരിയിലാണ്. ചെയര്മാന് കെ.ബി. മോഹന്‍ദാസിനൊപ്പം കോണ്‍ഗ്രസ് -എസ് പ്രതിനിധി ഇ.പി.ആര് വേശാല മാത്രമാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ആറ് അംഗങ്ങളില്‍ നാലുപേരും ഒറ്റെക്കട്ടാണ്. മുന്‍ എം.എല്‍.എ കെ. അജിത് (സി.പി.ഐ), കെ.വി. ഷാജി (ജനതാദള്‍ -എസ്), എ.വി. പ്രശാന്ത് (സി.പി.എം), കെ.വി. മോഹനകൃഷ്ണന് (എന്‍.സി.പി) എന്നിവരും പാരമ്ബര്യ അംഗം മല്ലിശേരി പരമേശ്വരന് നമ്ബൂതിരിപ്പാടും എതിര് പക്ഷത്താണ്. തന്ത്രിയും സാമൂതിരിയും മാത്രമാണ് ഇപ്പോള്‍ വിവാദങ്ങളില്‍ പരസ്യ നിലപാടുമായി രംഗത്തില്ലാത്തത്. ഇനി നാലുമാസം കൂടിയാണ് ഭരണസമിതിക്ക് അവശേഷിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി മധ്യത്തോടെ രണ്ടുവര്‍ഷ കാലാവധി പൂര്‍ത്തിയാവും.
മൂന്ന് ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ദര്‍ശനത്തിന് വന്ന മോഹന്‍ലാലിന് ഗേറ്റ് തുറന്നുകൊടുത്തു എന്നതിെന്റ പേരില്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ അഡ്മിനിസ്ട്രേറ്റര്‍ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയതാണ് അവസാനം ഉണ്ടായ പ്രകോപനം. ഈ തീരുമാനത്തിനെതിരെ അഞ്ച് ഭരണസമിതി അംഗങ്ങള്‍ പരസ്യമായി രംഗത്ത് വരികയും അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ദേവസ്വം കമീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇവര്‍ വിട്ടുനിന്നതോടെ ഭരണസമിതി ചേരാന്‍ കഴിയാത്ത അവസ്ഥയുമായി. ഇടതുപക്ഷ ജീവനക്കാരുടെ യൂനിയനുകളും പലതവണ ഭരണസമിതിക്കെതിരെ രംഗത്തുവന്നു. ഇതുവരെയുള്ള ഭരണസമിതികളിലൊന്നും ഇല്ലാത്ത വിധത്തില്‍ അംഗങ്ങള്‍ ചേരിതിരിയുകയും അഡ്മിനിസ്ട്രേറ്റര്‍ പദവി വിവാദ കേന്ദ്രമാവുകയും ചെയ്തിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് പാര്‍ട്ടിയും സര്‍ക്കാറും.