പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ മുതലെടുപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതില്‍ ഇമേജ് ബില്‍ഡിങ് ഇല്ല. നിലപാട് സ്വീകരിക്കുന്നവര്‍ക്ക് എന്ത് ഇമേജ് ആണുള്ളത്. നിലപാട് ഇല്ലായ്മ കൊണ്ട് കളിക്കുന്ന ആളുകളോട് എന്ത് പറയാനാണെന്നും സതീശന്‍ പറഞ്ഞു.
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ട്. സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ പ്രകടനമോ ചര്‍ച്ചകളോ സമൂഹ മാധ്യമങ്ങളില്‍ ഉണ്ടാകരുതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുന്നതായി സീറോ മലബാര്‍ സഭ മുഖപത്രമായ ദീപികയില്‍ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിച്ചിരുന്നു. ‘യാഥാര്‍ഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടക്കുന്നവരും’ എന്ന തലക്കെട്ടില്‍ സി.കെ. കുര്യാച്ചന്‍ എഴുതിയ ലേഖനത്തിലാണ് സതീശനെ കൂടാതെ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ലക്ഷ്യമിട്ട് വിമര്‍ശനം വന്നത്.
ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുന്ന സതീശന് ചങ്ങനാശേരിയില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമായി കാണുമെന്ന് ലേഖനത്തില്‍ പറയുന്നു. അതുകൊണ്ടാവാം അദ്ദേഹം പാലായ്ക്ക് പോകാതിരുന്നത്. എന്നാല്‍, തന്‍റെ ഇമേജ് കാത്തുസൂക്ഷിക്കാന്‍ സതീശന്‍ ചില പൊടിക്കൈകള്‍ കോട്ടയത്ത് കാട്ടുകയും ചെയ്തെന്നും ലേഖനം പറയുന്നു.
കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ പാലായിലെത്തി ബിഷപ്പിനെ കണ്ട് കാര്യങ്ങള്‍ മനസിലാക്കിട്ടുണ്ടാവാമെന്ന് കരുതുന്നു. യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ് ലിം ലീഗിന് ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ മുമ്ബേ അറിയാവുന്നതാണ്. എന്നാല്‍, അറിയാത്തവരും അജ്ഞത നടിക്കുന്നവരും ഏറെയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.