കവിയൂരിലെ പഴമ്ബള്ളിയില് ലക്ഷങ്ങള്‍ വിലമതിക്കുന്ന തടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പഴമ്ബള്ളി ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഞായറാഴ്ച രാവിലെയോടെയാണ് രണ്ട് കൂറ്റന്‍ തടികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിസരവാസികള്‍ തിരുവല്ല പൊലീസില്‍ വിവരമറിയിച്ചു.
ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മണിമലയാറ്റിലൂടെ ഒഴുകിവന്ന തടികള്‍ ആരോ വടം ഉപയോഗിച്ച് മനയ്ക്കച്ചിറ പാലത്തിന് സമീപം കെട്ടിയിട്ടിരുന്നു. ഈ തടികള്‍ ഞായറാഴ്ച രാവിലെ മുതല്‍ സ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. മനക്കച്ചിറയില്നിന്ന് കാണാതായ തടികളാവാം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
തിരുവല്ല പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതായി കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ്കുമാര്‍ പറഞ്ഞു.