Breaking News

സ്‌കൂളുകള്‍ ഉച്ചവരെ മാത്രം ; മൂന്ന് ദിവസം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്; അടുത്ത ദിവസങ്ങളില്‍ മറ്റ് കുട്ടികള്‍ക്കും; സ്‌കൂള്‍ തുറക്കലില്‍ പരമാവധി കരുതലിന് തീരുമാനം…

നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ കുട്ടികളെ നിര്‍ബന്ധിച്ച്‌ സ്‌കൂളുകളില്‍ എത്തിക്കില്ല. രക്ഷിതാക്കളുടെ അനുമതി ഉള്ളവരെ മാത്രമേ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് പുറത്തു വരുന്ന വിവരം.

ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും വിശദ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ അന്തിമ തീരുമാനം ഒന്നും ആയിട്ടില്ല.  വിശദമായ റിപ്പോര്‍ട്ട് ഇരു വകുപ്പിലേയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തയ്യറാക്കും. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കും.

അതിന് ശേഷമേ സ്‌കൂള്‍ തുറക്കലില്‍ വ്യക്തമായ ധാരണയുണ്ടാകൂ. സ്‌കൂളുകള്‍ ഉച്ചവരെ മാത്രം മതിയെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ട്. ഉച്ചയ്ക്ക് ശേഷം പതിവ് പോലെ ഓണ്‍ലൈന്‍ ക്ലാസും തുടരും. എന്നാല്‍ ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടാല്‍ കുട്ടികള്‍ എങ്ങനെ ഉടന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തുമെന്ന ആശയക്കുഴപ്പവും ഉണ്ട്.

മൂന്ന് ദിവസം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസും അടുത്ത ദിവസങ്ങളില്‍ മറ്റ് കുട്ടികള്‍ക്ക് എന്നതും ചര്‍ച്ചകളിലുണ്ട്. ഇതിനൊപ്പം ഷിഫ്റ്റും പരിഗണിക്കും. എല്ലാ സാധ്യതയും പരിശോധിച്ചാകും സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുക.

ബയോ ബബിളില്‍ കുട്ടികളെ കൊണ്ടു വരുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം. സ്‌കൂള്‍ കുട്ടികളുടെ വീട്ടിലെ എല്ലാവര്‍ക്കും അതിവേഗം രണ്ട് ഡോസ് വാക്‌സിനും എടുക്കും.

ബയോബബിളില്‍ എങ്ങനെയാകും കുട്ടികളെ നിലനിര്‍ത്തുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദീകരിക്കുന്നില്ല. ഐപിഎല്ലിലും മറ്റും ബയോ ബബിള്‍ ഉണ്ട്. അതായത് ഒരു പരിപാടിക്ക് പങ്കെടുക്കുന്നവരെ മറ്റൊരിടത്തും നിര്‍ത്താതെ ദീര്‍ഘകാലം സംരക്ഷിക്കുന്നതാണ് ബയോബബിള്‍.

എന്നാല്‍ കേരളത്തിലെ സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ വീട്ടില്‍ പോകും. അതുകൊണ്ട് തന്നെ ക്രിക്കറ്റിലും മറ്റും നടപ്പിലാക്കുന്ന ബയോബബിള്‍ സ്‌കൂളുകളില്‍ നടപ്പില്ലെന്നതാണ് വസ്തുത.

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കാനാണ് ഇന്ന് ഉന്നതതല യോഗം ചേര്‍ന്നത്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. എന്നാല്‍ അന്തിമ തീരുമാനം ഒന്നും ഇന്ന് എടുത്തില്ല.

നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്ബോള്‍ ഒരേ സമയം എത്ര കുട്ടികളെ വരെ ക്ലാസ്സുകളില്‍ പ്രവേശിപ്പിക്കണം, ഒരു ബെഞ്ചില്‍ എത്ര വിദ്യാര്‍ത്ഥികള്‍ ആകാം തുടങ്ങിയ കാര്യങ്ങളാകും ഏറ്റവും വിലയ വെല്ലുവളി.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് എല്ലാം ബാധകമാകുന്ന പൊതുമാര്‍ഗരേഖ ആയിരിക്കും തയ്യാറാക്കുക. വലിയ ക്ലാസ്സുകളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിലും ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണത്തിലും വ്യത്യാസം കൊണ്ടുവരാനാണ് സാധ്യത.

ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ക്ലാസ്സില്‍ ഇരുത്താന്‍ സാധിക്കുമോയെന്ന സംശയവും ആരോഗ്യ വകുപ്പിന് മുന്നിലുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …