കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്കുള്ള അടിയന്തിര നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു ഇന്നും നാളെയുമായി വിതരണം ചെയ്യും. വനാതിര്‍ത്തി പ്രദേശങ്ങളിലെ മനുഷ്യവന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍
കൂടുതല്‍ കാര്യക്ഷമ നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂര്‍ വള്ളിത്തോട് പെരിങ്കലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജസ്റ്റിന്‍ തോമസിന്റെ കുടുംബത്തിനുള്ള ധനസഹായത്തില്‍ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ അടിയന്തരമായി നല്‍കാന്‍ കണ്ണൂര്‍ ഡി.എഫ്.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.
ചികില്‍സയില്‍ കഴിയുന്ന ജസ്റ്റിന്റെ ഭാര്യ ജിനിയുടെ ചികില്‍സാച്ചെലവുകളും മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സര്‍ക്കാര്‍ നല്‍കും. പാലക്കാട് സാമ്ബാര്‍ക്കോട്, തൃശൂര്‍ വെള്ളിക്കുളങ്ങര, പാലപ്പിള്ളി എന്നിവിടങ്ങളില്‍ സമാനമായ രീതിയില്‍ കാട്ടാനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായവും ഉടന്‍ നല്‍കും. ആദ്യഗഡു ആയ അഞ്ച് ലക്ഷമാണ് ഉടന്‍ നല്‍കുക.
ബാക്കി തുക മരണപ്പെട്ട ആളുടെ നിയമപരമായ അവകാശിയെ നിശ്ചയിക്കുന്ന മുറക്ക് നല്‍കും. എല്ലായിടങ്ങളിലെയും ജനജാഗ്രതാ സമിതികളെ സജീവമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനജാഗ്രതാ സമിതികളുടെ സഹായത്തോടെ വന്യജീവികളെ തുരത്താനുള്ള പ്രായോഗിക പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണത്താല്‍ നഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം അടിയന്തിരമായി പൂര്‍ത്തിയാക്കും. കുടിശികയില്ലാത്ത വിതരണത്തിന് തുക തികയാതെ വന്നാല്‍ അധികമായി തുക വകയിരുത്തും. നഷ്ടപരിഹാരത്തുക ഉയര്‍ത്തുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.