വൈറല്‍ വീഡിയോയിലൂടെ പ്രശസ്തരായ ആഗ്രയിലെ സ്കൂള്‍ അധ്യാപികമാര്‍ക്ക് അതേ വീഡിയോയിലൂടെ തന്നെ എട്ടിന്റെ ‘പണി’ കിട്ടിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അച്ച്നേര ജില്ലയിലെ സാധനിലുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ അഞ്ച് അസിസ്റ്റന്റ് അദ്ധ്യാപികമാര്‍, ഒരു ഒഴിഞ്ഞ ക്ലാസ് റൂമിനുള്ളില്‍ സിനിമ ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു.
ഇതേതുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഈ അധ്യാപികമാരെ ‘സദാചാര വിരുദ്ധമായ പെരുമാറ്റത്തിന്’ സസ്പെന്‍ഡ് ചെയ്തുവെന്നാണ് വിശദീകരണം. രശ്മി സിസോദിയ, ജീവിക കുമാരി, അഞ്ജലി യാദവ്, സുമന് കുമാരി, സുധാ റാണി എന്നീ അഞ്ച് അധ്യാപകിമാര്‍ പ്രശസ്തമായ ‘മൈനു ലെഗെന്ഗ ലേഡെ മെഹംഗ’ എന്ന പഞ്ചാബി ഗാനത്തിനാണ് നൃത്തം ചെയ്തത്.
ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, 15 ദിവസത്തിനുള്ളില്‍ സംഭവം അന്വേഷിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഗ്രയിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സസ്പെന്ഷന് ഉത്തരവുകള്‍ നല്‍കിയത്.”അധ്യാപികമാര്‍ നൃത്തം ചെയ്യുന്ന പാട്ടുകള്‍ വിദ്യാഭ്യാസപരമല്ല. ക്ലാസ്സില്‍ നൃത്തം ചെയ്തുകൊണ്ട് അവര്‍ അധ്യാപക സേവന നിയമങ്ങള്‍ ലംഘിക്കുകയും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്തു.
ഗ്രാമവാസികള്‍ക്കിടയില്‍ രോഷം സൃഷ്ടിച്ചു,” അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധികാരി (ബിഎസ്എ) ബ്രജരാജ് സിംഗ് പുറപ്പെടുവിപ്പിച്ച സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. 2021 മാര്‍ച്ച് 21 നാണ് ഈ വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്ന് പറയപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ദിനേശ് ചന്ദ് പരിഹറില് നിന്ന് വകുപ്പ് വിശദീകരണം തേടി.