കോവിഡ് നിയന്ത്രണങ്ങളിലും ഇന്ധന വിലവര്‍ധനവിലും പ്രതിസന്ധിയിലായ ജില്ലയിലെ സ്വകാര്യ ബസുകള്‍ പ്രകൃതി വാതകത്തിലേക്ക് (സി.എന്‍.ജി- കംമ്ബ്രസ്ഡ് നാചുറല്‍ ഗ്യാസ്) ചുവട് മാറ്റുന്നു. നിലവില്‍ ഡീസല്‍ എന്‍ജിനുള്ള ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന എ.സി ബ്രദേഴ്സ് ബസില്‍ ജില്ലയില്‍ ആദ്യമായി സി.എന്‍.ജി ഘടിപ്പിച്ചു.
ഡല്‍ഹി ആസ്ഥാനമായുള്ള ഗ്രീന്‍ ഫ്യൂവല്‍ എനര്‍ജി സൊലൂഷന്‍സ് കമ്ബനിക്കാണ് നിര്‍മാണച്ചുമതല. 95 രൂപ ഒരു ലിറ്റര്‍ ഡീസലിന് വിലവരുമ്ബോള് രണ്ടര മുതല്‍ മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമേ ബസുകള്‍ക്ക് മൈലേജ് കിട്ടുന്നുള്ളൂ. എന്നാല്‍, ലിറ്ററിന് 62 രൂപയുള്ള സി.എന്‍.ജിക്ക് അഞ്ച് മുതല്‍ ഏഴ് വരെ മൈലേജ് ലഭിക്കും. പുതിയ സി.എന്‍.ജി ബസ് വാങ്ങുകയാണെങ്കില്‍ ഡീസല്‍ ബസുകളേക്കാള്‍ 10 ലക്ഷം രൂപയോളം അധിക ചെലവ് വരും.
നിലവിലെ ഡീസല്‍ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റാന്‍ മൂന്നര മുതല്‍ നാല് ലക്ഷം രൂപയേ ചെലവ് വരുന്നുള്ളൂ. ഇലക്ട്രിക് ബസിനാണെങ്കില്‍ ഇത് ഏകദേശം ഒരു കോടി രൂപയാകും. ജില്ലയില്‍ മൊത്തം 1100 ബസുകള്‍ക്കാണ് പെര്‍മിറ്റുള്ളത്. സി.എന്‍.ജിയിലേക്ക് മാറുന്നതോടെ ബസ് വ്യവസായം ലാഭത്തിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022ല്‍ കോഴിക്കോട് സി.എന്‍.ജി യൂനിറ്റ് തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രീന്ഫ്യൂവല് എം.ഡി അസോക് ചൗധരി പറഞ്ഞു. ആദ്യ സി.എന്‍.ജി സര്‍വിസിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു ബാലുശ്ശേരി പാനായിയില്‍ വെള്ളിയാഴ്ച മൂന്നിന് നിര്‍വഹിക്കുമെന്ന് കോഴിക്കോട് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. എ.സി. ബാബുരാജ്, ടി.കെ. ബീരാന് കോയ, റെനീഷ് എടത്തില്‍, ഗ്രീന്‍ ഫ്യൂവല്‍ എം.ഡി അശോക് ചൗധരി എന്നിവര്‍ പങ്കെടുത്തു