സുഹൃത്തിന്റെ വാടകവീട്ടില്‍ ഭര്‍ത്താവിനോടൊപ്പം എത്തിയ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് താജുദ്ദീനെ കണ്ടെത്താന്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മലപ്പുറം കോട്ടക്കല്‍ എടരിക്കോട് അമ്ബലവട്ടം സ്വദേശി താജുദ്ദീന്റെ ഭാര്യ കൊണ്ടോട്ടി സ്വദേശിനി ഉമ്മുകുല്സുവിനെയാണ് (31) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചനിലയില്‍ എത്തിച്ചത്.
താജുദ്ദീന്റെ സുഹൃത്തും നാട്ടുകാരനുമായ സിറാജുദ്ദീനാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്ബ്രം കിഴക്കേ വാഴയില്‍ വീട്ടില്‍ ഒന്നര വര്‍ഷമായി വാടകക്ക് താമസിക്കുകയാണ് സിറാജുദ്ദീനും കുടുംബവും. സുഹൃത്തായ താജുദ്ദീന് കുടുംബസമേതം ഇടക്കിടെ സിറാജുദ്ദീന്റെ വീട്ടില്‍ വന്നു താമസിക്കാറുണ്ടെന്ന് സിറാജുദ്ദീന്റെ മാതാവ് പറഞ്ഞു.
ഒരാഴ്ച മുമ്ബ് ഇവിടെയെത്തിയ താജുദ്ദീനും കുടുംബവും വെള്ളിയാഴ്ച രാവിലെ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. നാട്ടില്‍നിന്നെത്തിയ രണ്ടു സുഹൃത്തുക്കളോടൊപ്പം കാറിലാണ് പോയത്. വൈകീട്ട് നാലുമണിയോടെ വീണ്ടും കുടുംബത്തോടൊപ്പം കാറില്‍ തിരിച്ചെത്തിയ താജുദ്ദീന് അബോധാവസ്ഥയിലായ ഉമ്മുകുല്‍സുവിനെ ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു.
താജുദ്ദീനോടൊപ്പം യുവതിയും രണ്ടു മക്കളും കൂടാതെ മറ്റു രണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുകയാണ്. താജുദ്ദീനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സിറാജുദ്ദീന്റെ മാതാവും സഹോദരിയുമാണ് ഓട്ടോറിക്ഷയില്‍ യുവതിയെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലും എത്തിച്ചത്.
ആശുപത്രിയില്‍ എത്തുന്നതിനുമുമ്ബ് യുവതി മരിച്ചിരുന്നു. യുവതിയുടെ ശരീരത്തില്‍ പൊള്ളലേറ്റതും മര്‍ദനമേറ്റതുമായ പാടുകള്‍ ഉണ്ടായിരുന്നതായി സിറാജുദ്ദീന്റെ മാതാവ് പറഞ്ഞു. നിരന്തരമായ ശാരീരിക മര്‍ദനത്തെ തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.