Breaking News

പെഗാസസ് ഉപയോഗിച്ച് തൻ്റെ ഫോണും ചോർത്തി; വെളിപ്പെടുത്തലുമായി കേംബ്രിഡ്ജിൽ രാഹുൽ

ന്യൂഡല്‍ഹി: ഇസ്രയേൽ സ്പൈവെയർ പെഗാസസ് ഉപയോഗിച്ച് തന്‍റെ ഫോണും ചോർത്തിയിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നതായും രാഹുൽ വെളിപ്പെടുത്തി. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ.

എന്‍റെ ഫോണിലും പെഗാസസ് ഉണ്ടായിരുന്നു. പല രാഷ്ട്രീയ നേതാക്കളുടെയും ഫോണുകളിൽ പെഗാസസ് ഉണ്ട്. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ എന്നെ വിളിച്ച് പറഞ്ഞിരുന്നു. ഞങ്ങൾ സ്ഥിരമായി അനുഭവിക്കുന്ന സമ്മര്‍ദമാണിത്. ഒരു അടിസ്ഥാനവുമില്ലാതെ ഞാനടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ ഫയൽ ചെയ്തു. ഇതിനെയെല്ലാം നേരിടാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

രാജ്യത്ത് പാർലമെന്‍റ്, മാധ്യമങ്ങൾ, ജുഡീഷ്യറി എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നും ജനാധിപത്യത്തിന്‍റെ അടിസ്ഥാന ഘടന ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ, സംസ്ഥാനങ്ങളെ യൂണിയനുകൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ആ യൂണിയനിൽ എല്ലായ്പ്പോഴും ചർച്ചകൾ നടക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇവിടെ ഒരു ചർച്ചയും നടക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഇതില്‍നിന്നെല്ലാം നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …