Breaking News

ഡാമുകള്‍ തുറക്കുന്നത് വിദഗ്ധ സമിതി തീരുമാനിക്കും; ശബരിമല തുലാമാസ തീര്‍ത്ഥാടനം പൂര്‍ണമായി ഒഴിവാക്കി; കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റി

അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്.

ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്ബ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം.

പെട്ടെന്ന് തുറക്കുമ്ബോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്. സംസ്ഥാനത്ത് ഇപ്പോള്‍ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാമ്ബുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം.

 

പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ അടക്കം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച്‌ നീങ്ങുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം.

നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത്. ധനസഹായ വിതരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കണം. ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീര്‍ത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാന്‍ അവലോകന യോഗം തീരുമാനിച്ചു.

നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വര്‍ധിപ്പിക്കുന്നുണ്ട്.

ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ തീര്‍ത്ഥാടനം അനുവദിക്കാന്‍ കഴിയില്ല എന്ന് യോഗം വിലയിരുത്തി. നേരത്തെ നിലക്കലില്‍ എത്തിയ തീര്‍ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കി. കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …