കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനക്കേസുകള്‍ വര്‍ഷംതോറും കൂടുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ 2019-20 വാര്‍ഷിക റിപ്പോര്‍ട്ട്. ബാലാവകാശ കമ്മിഷന്‍ നിലവില്‍വന്ന 2013-ല്‍ 1002 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019-ല്‍ ഇത് 3616 ആയി വര്‍ധിച്ചു.
2019-ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്-464. രണ്ടാമത് മലപ്പുറത്തും-444 കേസുകള്‍. പോക്‌സോ നിയമപ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പാതിയോളം മാത്രമേ ശിശുക്ഷേമസമിതിയില്‍ (സി.ഡബ്ല്യു.സി.) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.
പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള 21,979 കുട്ടികളില്‍ 7930 പേര്‍ ശിശുക്ഷേമസമിതിയുടെ ഉത്തരവില്ലാതെ സംരക്ഷണകേന്ദ്രങ്ങളില്‍ താമസിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആകെയുള്ള 4054 പ്രതികളില്‍ നാലുശതമാനം (103 പേര്‍) സ്ത്രീകളായിരുന്നു. കമിതാക്കളായിരിക്കെ പീഡനം നടത്തിയതിന് പ്രതിചേര്‍ക്കപ്പെട്ട 526 പേരുണ്ട്. ആകെ പ്രതിചേര്‍ക്കപ്പെട്ടവരില്‍ 816 പേര്‍ (20 ശതമാനം) കുട്ടികള്‍ക്ക് അറിയാവുന്നവരാണ്.
അയല്‍ക്കാര്‍ 681 പേര്‍, കുടുംബാംഗങ്ങള്‍- 345, ബന്ധുക്കള്‍ 307, വാന്‍-ഓട്ടോ ഡ്രൈവര്‍മാര്‍-55, അധ്യാപകര്‍-157 എന്നിങ്ങനെ പോകുന്നു ഇവര്‍. ഒരേ ആള്‍തന്നെ പലവിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാലാണ് ആകെ എണ്ണം കൂടുന്നത്. പ്രതിചേര്‍ക്കപ്പെട്ട കുടുംബാംഗങ്ങളില്‍ അച്ഛന്‍,സഹോദരന്‍, മുത്തച്ഛന്‍ തുടങ്ങിയവരുമുണ്ട്. കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ മാതാപിതാക്കളും സര്‍ക്കാരും പോലീസും ഒരുപോലെ ഉത്തരവാദപ്പെട്ടിരിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു.