സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എവിടെയും തീവ്രമഴക്ക് സാധ്യതയില്ലാത്തതിനാല്‍ എല്ലാ ജില്ലകളിലെയും ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. ബുധനാഴ്ച 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്. ഇന്ന് രാവിലെയത് മൂന്ന് ജില്ലകളില്‍ മാത്രമായി ചുരുക്കി.
മഴയില്ലാത്തതിനാല്‍ ഉച്ചയോടെ എല്ലാ ജില്ലകളിലേതും ഒഴിവാക്കുകയായിരുന്നു. അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രം നാളെ ഓറഞ്ച് അലര്‍ട്ടുണ്ട്. കാലവര്‍ഷം അവസാനിച്ച് അടുത്തയാഴ്ചയോടെ തുലാവര്‍ഷം ആരംഭിക്കുമെന്നും കാലവാസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.
മഴ കുറഞ്ഞതോടെ കുട്ടനാടക്കമുള്ള സ്ഥലങ്ങളില്ലും വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. ഈ മേഖലയിലെ കെ.എസ്. ആര്‍.ടി.സി സര്‍വിസുകള്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച ഇടുക്കി ഡാം തുറന്നുവിട്ടിട്ടുണ്ടെങ്കിലും പെരിയാറിലെ ജലനിരപ്പ് കാര്യമായി വര്‍ധിച്ചിട്ടില്ല. മഴ കുറഞ്ഞതിനാല്‍ കേരള ഷോളയാര്‍ ഡാമിലെ ഷട്ടറുകളും ബുധനാഴ്ച അടച്ചു.