ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. മരിച്ചവരില്‍ നാല് വിനോദസഞ്ചാരികളും ഉള്‍പെടുന്നു. സംഘത്തില്‍ പെട്ട രണ്ടു പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഹര്‍ഷില്‍ചിത് കുല്‍ ട്രെക്കിങ്ങിന് പോയ 17 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ഉത്തരഖണ്ഡിന്റെയും ഹിമാചല്‍ പ്രദേശിന്റെയും ഉള്‍പ്രദേശത്ത് 17,000 അടി ഉയരമുള്ള ട്രെക്കിങ് മേഖലയാണ് ഹര്‍ഷില്‍ചിത് കുല്‍. കാണാതായവര്‍ക്ക് വേണ്ടി സംസ്ഥാന ദുരന്ത പ്രതികരണസേനയുടെ പ്രത്യേക സംഘം തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്ടര്‍ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തുന്നതായും ഉത്തരകാശി ഡിസ്ട്രിക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഓഫീസര്‍ ദേവേന്ദ്ര പഥ്വാള്‍ അറിയിച്ചു.
നൈനിറ്റാളില്‍ മാത്രം 29 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവിടെയാണ് മിന്നല്‍ പ്രളയത്തില്‍ കൂടുതല്‍ പേര്‍ മരിച്ചത്. ഉത്തരകാശിയില്‍ കാണാതായ മൂന്ന് പോര്‍ട്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രളയത്തില്‍ അകപ്പെട്ട 1300 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്) അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് 17 സംഘങ്ങളെ കൂടി സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.