പേരൂര്‍ക്കട സ്വദേശി അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ പ്രതികരിച്ച് അനുപമയുടെ അച്ഛന്‍ എസ്.ജയചന്ദ്രന്‍. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുടുംബത്തിന്റെ മാനം രക്ഷിക്കാനായിരുന്നു ശ്രമിച്ചതെന്നും ജയചന്ദ്രന്‍ പറയുന്നു.
സംഭവം വിവാദമായതോടെ ഭാര്യയും മൂത്ത മകളും വിഷമത്തിലാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ‘നിങ്ങള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ടെന്നും ഇതില്‍ ഇളയകുട്ടി ഒരാളുമായി പ്രണയത്തിലാണെന്നും സങ്കല്‍പ്പിക്കുക. കരുതലും സ്നേഹവുമുള്ള ഒരച്ഛന്‍ മകള്‍ പ്രണയിക്കുന്ന ആളുടെ പശ്ചാത്തല വിവരങ്ങള്‍ അന്വേഷിക്കും.
മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ എല്ലാ അച്ഛന്‍മാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുക. അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. ഇങ്ങനെയുളള ഒരാളുമായി ബന്ധം വേണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ അവള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്ബാണ് അനുപമ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.’- ജയചന്ദ്രന്‍ വ്യക്തമാക്കി. ‘അനുപമ എട്ടുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത് അവളെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
ഇപ്പറയുന്ന അജിത്തും എവിടെയായിരുന്നു? ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കില്‍ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. മുന്നില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതില്‍ ഏല്‍പ്പിക്കാമെന്ന് പ്രസവത്തിന് മുമ്ബേ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു.
വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമയും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് കുഞ്ഞിനെ കൊടുക്കാന്‍ തീരുമാനിച്ചത്. അവള്‍ക്കും സമ്മതമായിരുന്നു. ഞങ്ങള്‍ ആത്മഹത്യ ചെയ്‌താല്‍ ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമോ?’, ജയചന്ദ്രന്‍ ചോദിക്കുന്നു.