സംസ്ഥാനത്ത് നോക്കുകൂലി തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നോക്കുകൂലി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ജില്ലാതല തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെയും തൊഴിലാളി യൂണിയന്‍ നേതാക്കളെയും ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും യോഗം വിളിച്ചു ചേര്‍ക്കും.
സംസ്ഥാനതലത്തില്‍ തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ലേബര്‍ സെക്രട്ടറിയും കമീഷണറും പങ്കെടുക്കുന്ന തൊഴിലാളി സംഘടനകളുടെ യോഗം ചേരും. നോക്കുകൂലി ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് തൊഴിലാളി സംഘടനകളുടെ പിന്തുണയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നോക്കുകൂലിയുമായി ബന്ധപ്പെട്ട് തൃശൂരില്‍ 11 തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കിയ ജില്ലാ ലേബര്‍ ഓഫീസറുടെ നടപടിയെ മന്ത്രി അഭിനന്ദിച്ചു.
നോക്കുകൂലി ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ രീതിയില്‍ സംസ്ഥാനത്തെമ്ബാടും നടപടികളെടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഹെഡ് ലോഡ് വര്‍ക്കേഴ്സ് ആക്‌ട് 1978 ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഹെഡ് ലോഡ് രജിസ്ട്രേഷന്‍ കാര്‍ഡ് മൂന്നു ലക്ഷത്തോളം പേര്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ നിരവധിപേര്‍ ഇപ്പോള്‍ ഈ തൊഴില്‍ മേഖലയില്‍ ഇല്ല എന്ന ആരോപണമുണ്ട്.
ഇക്കാര്യവുമായി ബന്ധപ്പെട്ട് വ്യക്തമായ കണക്കെടുപ്പ് നടത്താന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ലേബര്‍ സെക്രട്ടറി മിനി ആന്റണി, ലോ സെക്രട്ടറി വി ഹരി നായര്‍, ലേബര്‍ കമ്മീഷണര്‍ ഡോ എസ് ചിത്ര,അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.