വികൃതി കാണിച്ചതിന് രണ്ടാം ക്ലാസ് വിദ്യാർത്ഥിയോട് പ്രിൻസിപ്പലിന്റെ ക്രൂരത. രണ്ടാം ക്ലാസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്ന് തലകീഴായി തൂക്കിപ്പിടിച്ചാണ് പ്രിൻസിപ്പൽ വികൃതി കാണിച്ചതിന് ശിക്ഷ നൽകിയത്. എന്നാൽ സംഭവത്തിന്റെ ചിത്രം വൈറലായതോടെ പ്രിൻസിപ്പാലിനെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്.
ഉത്തര്‍പ്രദേശിലെ മിര്‍സാപ്പുർ അഹ്രുരയിലെ സദ്ഭാവന ശിക്ഷണ്‍ സംസ്ഥാന്‍ ജൂനിയര്‍ സ്‌കൂളിലാണ് രണ്ടാം ക്ലാസുകാരനോട് ഈ ക്രൂരത കാണിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ കുസൃതി കാണിച്ചതിന് ദേഷ്യപ്പെട്ട പ്രിന്‍സിപ്പല്‍ മനോജ് വിശ്വകര്‍മ കുട്ടിയെ തലകീഴായി തൂക്കിപ്പിടിക്കുകയായിരുന്നു.
ഇവനെ ഒരു പാഠം പഠിപ്പിക്കും എന്നു പറഞ്ഞാണ് ഇയാൾ ഒന്നാംനിലയുടെ ബാല്‍ക്കണിയില്‍ നിന്നും കുട്ടിയെ തൂക്കിപ്പിടിച്ചത്. മറ്റു കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു അധ്യാപകന്റെ പ്രവൃത്തി. എന്നാൽ പേടിച്ച കരഞ്ഞ കുട്ടി ഇയാളോട് മാപ്പു പറഞ്ഞതിനു ശേഷമാണ് ഇയാൾ കുട്ടിയെ താഴെ നിർത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. നടപടിക്ക് ഒരുങ്ങുകയാണ്.