ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപത്തിന് വിധേയനായ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഷമിയെ ‘200 ശതമാനം’ പിന്തുണക്കുന്നതായി കോഹ്ലി പറഞ്ഞു. “ഞങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിന് കാരണമുണ്ട്, ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാന്‍ ധൈര്യമില്ലത്ത, സോഷ്യല്‍ മീഡിയയിലെ നട്ടെല്ലില്ലാത്ത ചില ആളുകളല്ല ഞങ്ങള്‍.
അവര്‍ തങ്ങളുടെ ഐഡന്റിറ്റിക്ക് പിന്നില്‍ ഒളിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ പിന്തുടരുകയും ആളുകളെ കളിയാക്കുകയും ചെയ്യുന്നു, അത് ഇന്നത്തെ ലോകത്ത് ഒരു സാമൂഹിക വിനോദമായി മാറിയിരിക്കുന്നു, ഇത് വളരെ നിര്‍ഭാഗ്യകരവും സങ്കടകരവുമാണ്,” ന്യൂസിലന്‍ഡിന് എതിരായ ഞായറാഴ്ചത്തെ മത്സരത്തിനു മുന്നോടിയായി ദുബായിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോഹ്ലി പറഞ്ഞു.
“ഇത് അക്ഷരാര്‍ത്ഥത്തില്‍ ഒരു വ്യക്തിക്ക് ആകാവുന്ന ഏറ്റവും താഴ്ന്ന നിലയാണ്. ഞാന്‍ ഇത്തരം ആളുകളെ അങ്ങനെയാണ് കാണുന്നത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനോട് ഇന്ത്യ പത്ത് വിക്കറ്റിനു തോറ്റതിന് പിന്നാലെ, മതത്തിന്റെ അടിസ്ഥാനത്തില്‍ ഷമി ചിലരുടെ ലക്ഷ്യമായി മാറുകയായിരുന്നു. സംഭവത്തില്‍ ഷമിക്ക് പിന്തുണ നല്‍കിയ കോഹ്ലി, ഷമിക്കെതിരായ സൈബര്‍ ആക്രമണത്തെ ദയനീയമായത് എന്നാണ് വിളിച്ചത്.
“എന്നെ സംബന്ധിച്ചിടത്തോളം, ഒരാളെ അവരുടെ മതത്തിന്റെ പേരില്‍ ആക്രമിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ദയനീയമായ കാര്യമാണ്. ഓരോരുത്തര്‍ക്കും ഒരു പ്രത്യേക സാഹചര്യത്തെക്കുറിച്ച് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ വ്യക്തിപരമായി ഒരിക്കലും ഞാന്‍ ഒരാളെയും അവരുടെ മതത്തിന്റെ പേരില്‍ അവരോട് വിവേചനം കാണിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അത് ഓരോ മനുഷ്യനും വളരെ പവിത്രവും വ്യക്തിപരവുമായ കാര്യമാണ്.