Breaking News

ബിരിയാണിയിൽ പുഴുവെന്ന് ആരോപിച്ച് ബിരിയാണി ചെമ്പ് യുവാവ് റോഡിലേക്ക് വലിച്ചെറിഞ്ഞു

പാര്‍സലായി വാങ്ങിയ ബിരിയാണിയില്‍ പുഴു ഉണ്ടെന്ന് ആരോപിച്ച് ബിരിയാണി ചെമ്പോടെ യുവാവ് റോഡിലേക്ക് വലിച്ചെറിഞ്ഞതായി ആരോപണം. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ പുഴുവുണ്ടെന്ന് ആരോപിച്ചാണ് രാമനാട്ടുകര സ്വദേശിയായ യുവാവ് ഹോട്ടലിലെത്തി അതിക്രമം കാട്ടിയത്. രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ പാലക്കല്‍ ബിരിയാണി സെന്ററിലാണ് സംഭവം നടന്നത്.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് യുവാവ് ഹോട്ടലിലെത്തി ബിരിയാണി പാഴ്സലായി വാങ്ങിയത്. എന്നാൽ അരമണിക്കൂറിനകം തിരിച്ചെത്തിയ യുവാവ് ബിരിയാണിയിൽ പുഴുവുണ്ടെന്ന് ആരോപിച്ച് ബഹളം വെക്കുകയായിരുന്നു. എന്നാൽ ബിരിയാണിയിൽ പുഴുവില്ലെന്നും എണ്ണയിൽ പൊരിഞ്ഞ അരിമണിയാണ് പുഴുവാണെന്ന് തെറ്റിദ്ധരിച്ചതെന്നുമാണ് ഹോട്ടൽ ഉടമ പറയുന്നത്.

മുമ്പ് പലപ്പോഴും ഇത്തരത്തിൽ ഹോട്ടലിൽ എത്തിയവർ സംശയം ഉന്നയിച്ചിട്ടുണ്ടെന്നും, അവരെ ബോധ്യപ്പെടുത്തിയതാണെന്നും ഹോട്ടൽ ഉടമ പറയുന്നു. ഇക്കാര്യം വ്യക്തമാക്കിയെങ്കിലും യുവാവ് ഇത് സമ്മതിക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് രാമനാട്ടുകര നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറെ യുവാവ് വിളിച്ചുവരുത്തി.

എന്നാൽ ബിരിയാണി പരിശോധിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടറും പുഴുവല്ല, അരി മണികളാണന്നെന്ന് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം സമ്മതിക്കാതെ യുവാവ് ഹോട്ടലിലെ എട്ട് കിലോയുടെ ബിരിയാണി ചെമ്ബ് റോഡിലേക്ക് മറിച്ചിടുകയായിരുന്നു. ഇതോടെ ഹോട്ടൽ ജീവനക്കാരും യുവാവും തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളും ഉണ്ടായി.

ഹോട്ടലുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനിൽ നടത്തിയ ഒത്തുതീർപ്പിനൊടുവിൽ യുവാവ് ഹോട്ടൽ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകി സംഭവത്തിൽ നിന്ന് തടിയൂരുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …