പലഹാരം വെക്കുന്ന ചില്ല് അലമാരയില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് ബേക്കറി ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ ‘ഹോട്ട് ബണ്‍സ് ബേക്കറി ആന്‍ഡ് റസ്റ്റോറന്റ്’ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടിയെടുത്തത്. ഇന്നലെ രാത്രിയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി അടപ്പിച്ചത്.
കഴിഞ്ഞ ദിവസം ബേക്കറിയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളാണ് ചില്ല് അലമാരയില്‍ എലിയെ കണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തി ഇവര്‍ ഭക്ഷ്യവകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്നായിരുന്നു നടപടി. ബേക്കറിയുടെ ലൈസന്‍സ് റദ്ദാക്കി. സ്ഥാപനത്തിന്റെ അടുക്കളയിലും മറ്റും എലി വിസര്‍ജ്യം കണ്ടെത്തിയതായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയിലാണ് ഭക്ഷണവിപണനം നടക്കുന്നതെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബേക്കറിയുടെ ലൈസന്‍സ് റദ്ദാക്കിയത്. ഡോ. വിഷ്ണു, എസ്. ഷാജി, ഡോ.ജോസഫ് കുര്യാക്കോസ് എന്നിവരടങ്ങുന്ന ഭക്ഷ്യ സുരക്ഷാ സ്ക്വാഡാണ് ബേക്കറിയില്‍ പരിശോധന നടത്തിയത്.
NEWS 22 TRUTH . EQUALITY . FRATERNITY