കുടുംബ പ്രശ്നം പരിഹരിക്കുന്നതിനിടെ സി.ഐ മോശമായിപെരുമാറിയെന്ന് കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്തു. ആലുവ എടയപ്പുറം സ്വദേശി മോഫിയ പര്‍വീനാണ് (21) ആത്മഹത്യ ചെയ്തത്. പൊലീസിനെതിരെ കത്തെഴുതിവച്ചാണ് യുവതിയുടെ ആത്മഹത്യ. ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ പരാതി പറയാനായി ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഭര്‍തൃകുടുംബം മാനസികമായി പീഡിപ്പിച്ചതായും കുറിപ്പിലുണ്ട്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന മോഫിയ പര്‍വീന്‍ ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനായി തിങ്കളാഴ്ച ആലുവ സി.ഐ ഓഫിസിലെത്തിയിരുന്നു.
പ്രശ്നം പരിഹരിക്കാനായി ഭര്‍ത്താവിനെയും വീട്ടുകാരെയും സി.ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഓഫിസില്‍ യുവതിയെ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ സി.ഐ അപമാനിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. സംഭവം ഏറെ മാനസിക സംഘര്‍ഷം ഉണ്ടാക്കിയതായും യുവതി കുറിപ്പില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, പൊലീസ് ഇത്പൂര്ണമായും നിഷേധിച്ചു. യുവതി ഭര്‍ത്താവിനോട് മോശമായി പെരുമാറിയതോടെ അവരെ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ഗാര്‍ഹിക പീഡനത്തിന് ഭര്‍തൃകുടുംബത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്.