വിശുദ്ധ ഗ്രന്ഥമായ ഖുർആൻ അവഹേളിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാർസദ്ദ ജില്ലയിലെ പോലീസ് സ്റ്റേഷൻ ജനക്കൂട്ടം ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഖുർആൻ അവഹേളിച്ചു എന്നാരോപിച്ച് പോലീസ് ഞായറാഴ്ച ഒരാളെ അറസ്റ്റ് ചെയ്യുകയും ചാർസദ്ദയിലെ തങ്കി തഹസിലിലെ മന്ദാനി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതായി ചാർസദ്ദയിൽ നിന്നുള്ള നിയമ മന്ത്രി ഫസൽ ഷക്കൂർ ഖാൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അറസ്റ്റ് ചെയ്ത വ്യക്തിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനക്കൂട്ടം പോലീസ് സ്റ്റേഷന് പുറത്ത് ഒത്തുകൂടുകയായിരുന്നു. പോലീസ് ജനക്കൂട്ടത്തിന്റെ ആവശ്യം നിഷേധിച്ചു. വൈകുന്നേരത്തോടെ ആൾക്കൂട്ടത്തിന്റെ എണ്ണം വർധിക്കുകയും പോലീസ് സ്റ്റേഷൻ ആക്രമിക്കുകയുമായിരുന്നു. പോലീസ് സ്റ്റേഷൻ ജനക്കൂട്ടം തീകൊളുത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അവർ നശിപ്പിച്ചതായി മന്ത്രി പറഞ്ഞു. പ്രതിയെ വിട്ടു നൽകാതെ പിരിഞ്ഞുപോകില്ലെന്നു ആവർത്തിച്ചു പറഞ്ഞുകൊണ്ട് ജനക്കൂട്ടം കൂടുതൽ അക്രമാസക്തരായി.
ജനക്കൂട്ടത്തെ പ്രതിരോധിക്കാൻ മറ്റു പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസ് ഇവിടേക്കെത്തിയെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിരുന്നില്ല. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. പ്രതിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ പോലീസിന് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി “അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും.” എന്നും നിയമം കൈയിലെടുക്കാൻ സർക്കാർ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.