Breaking News

ഫോണിന്റെ വിലപോലും പെണ്‍കുട്ടിയ്ക്ക് നല്‍കിയില്ല; പിങ്ക് പോലീസ് ഉദ്യോഗസ്ഥ സ്ത്രീയോ? ആഞ്ഞടിച്ച് ഹൈക്കോടതി…

തിരുവനന്തപുരം ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പോലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പോലീസുകാരിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥയ്‌ക്കെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി.

പെണ്‍കുട്ടിയ്‌ക്കെതിരായ പരസ്യവിചാരണയുടെ ദൃശ്യങ്ങള്‍ കണ്ട കോടതി, സംഭവത്തിലുള്ള രോഷവും വേദനയും പ്രകടമാക്കുന്നതായി അറിയിച്ചു. സ്വന്തം മൊബൈല്‍ഫോണ്‍ സുരക്ഷിതമാക്കി വെക്കേണ്ടത് പോലീസുകാരിയുടെ ചുമതല ആണ്. മറ്റുള്ളവരുടെ മേല്‍ കുതിരകയറുകയല്ല വേണ്ടത്. മൊബൈല്‍ ഫോണിന്റെ വില പോലും ഉദ്യോഗസ്ഥ കുട്ടിയ്ക്ക് നല്‍കുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തതെന്ന് കോടതി ചോദിച്ചു. അപമാന ഭാരത്താല്‍ കുട്ടി വാവിട്ടു കരയുമ്പോഴും ഉദ്യോഗസ്ഥ ഒരുതരത്തിലും ആശ്വാസവാക്കുകള്‍ പോലും പറയുന്നില്ല. പൊതുജനമധ്യത്തിലുണ്ടാവുന്ന ഇത്തരം അപമാനങ്ങളാണ് പലപ്പോഴും പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് പോലും നയിക്കുന്നത്. കരച്ചില്‍ കണ്ട മനസലിയാത്ത പോലീസുദ്യോഗസ്ഥ സ്ത്രീയാണോ?

പോലീസുകാരി ക്ഷമ ചോദിച്ചാല്‍ ആ വിഷയം അവിടെ തീര്‍ന്നേനെ. കാക്കിയുടെ ദുരഭിമാനം അവരെ അതിന് അനുവദിയ്ക്കുന്നില്ലെന്നും കോടതി പറഞ്ഞു. സ്ഥലംമാറ്റം അച്ചടക്ക നടപടിയാണോയെന്നും കോടതി ചോദിച്ചു. ദൃശ്യങ്ങള്‍ മനസിനെ വേദനിപ്പിയ്ക്കുന്നു. കണ്ണുനിറയുന്ന സാഹചര്യങ്ങളാണെന്നും കോടതി പറഞ്ഞു. സംഭവത്തിൽ ഡിജിപിയോട് കോടതി റിപ്പോർട്ട്‌ അവശ്യപ്പെട്ടു.

പൊലീസുകാരിയെ സ്ഥലം മാറ്റിയതിന്റെ കാരണം വ്യക്തമാക്കണം. കുട്ടിയുടെ ചികിത്സാ വിവരങ്ങൾ സീൽ ചെയ്ത കവറിൽ നൽകാനാണ് നിർദേശം. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും കോടതി വിമര്‍ശിച്ചു. സംഭവം നീതികരിക്കാനാകാത്തതാണ്. ആളുകളുടെ നിറവും വസ്ത്രവും നോക്കിയാണ് ചിലപ്പോൾ പൊലീസ് പെരുമാറുന്നത്.

വിദേശത്തായിരുന്നു ഈ സംഭവമെങ്കിൽ കോടികൾ നഷ്ട പരിഹാരം കൊടുക്കേണ്ടി വന്നേനെ. കുട്ടിക്ക് പൊലീസിനോടുള്ള പേടി ജീവിത കാലം മാറുമോ എന്നും കോടതി ആശങ്കപ്പെട്ടു. വീഡിയോ കണ്ടത് കൊണ്ട് ഇക്കാര്യം മനസിലായി. ഇത് പോലെ എത്ര സംഭവം നടന്നു കാണുമെന്നും കോടതി ചോദിച്ചു.

എന്ത് തരം പിങ്ക് പൊലീസാണിത്. എന്തിനാണ് ഇങ്ങനെ ഒരു പിങ്ക് പൊലീസ് എന്നും കോടതി ചോദിച്ചു. കാക്കി ഇല്ലെങ്കിൽ ഉദ്യോഗസ്ഥക്ക് അടി കിട്ടുമായിരുന്നു. ചിലയിടങ്ങളിലെങ്കിലും പോലീസ് അതിക്രമങ്ങൾക്കെതിരെ നാട്ടുകാർ പ്രതികരിക്കുന്നു എന്നത് ആശ്വാസകരമാണെന്നും കോടതി പറഞ്ഞു. കേസ് ഡിസംബർ 7ന് വീണ്ടും പരിഗണിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …