അമേരിക്കയിലെ സ്‌കൂളില്‍ സഹപാഠികളെ വിദ്യാര്‍ത്ഥി വെടിവെച്ചുകൊന്നു. 15 വയസ്സുകാരനായ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മിഷിഗണ്‍ പോലീസ് അറിയിച്ചു. വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
വടക്കന്‍ ഡിട്രോയിറ്റില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള മിഷിഗണ്‍ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലാണ് തോക്കുമായെത്തിയ വിദ്യാര്‍ത്ഥി തന്റെ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ക്ലാസുകള്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നത്. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. 16 വയസുള്ള ആണ്‍കുട്ടിയും 14ഉം 17ഉം വയസും പ്രായമുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരില്‍ മറ്റ് എട്ട് പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും തോക്കും കണ്ടെടുത്തു. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. അമേരിക്ക അഭിമുഖീകരിക്കുന്ന പ്രത്യേക അവസ്ഥയെന്നാണ് മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രേറ്റ്ചെന്‍ വിറ്റ്മെര്‍ വിശേഷിപ്പിച്ചത്.