വയോധികനെ ഹണിട്രാപ്പില്‍ കുരുക്കി 2.40 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ യുവതി അടക്കം കസ്റ്റഡിയില്‍. അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന സിന്ധുവും കൂട്ടാളികളുമായി കസ്റ്റഡിയില്‍ ആയിരിക്കുന്നത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനെയാണ് സംഘം തന്ത്രപൂര്‍വം കുരുക്കിലാക്കിയത്. വയോധികനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം.
ഇവരുടെ വസ്തു വില്‍ക്കുന്നതിന് വേണ്ടി ഓഎല്‍എക്സില്‍ പരസ്യം നല്‍കിയിരുന്നു. ഇതു കണ്ടിട്ടെന്ന വ്യാജേനെ സിന്ധുവും മറ്റൊരാളും വയോധികനെ സമീപിച്ചു. ആദ്യ തവണ വസ്തുവിന്റെ വിവരങ്ങളും വിലയും ചോദിച്ച് മടങ്ങി. ഇക്കഴിഞ്ഞ ആറിന് ഉച്ച കഴിഞ്ഞ് രണ്ടിന് പരാതിക്കാരന്റെ വീട്ടിലെത്തിയ സിന്ധുവും സഹായിയും ചേര്‍ന്നാണ് കെണിയൊരുക്കിയത്. തുടര്‍ന്ന് വയോധികനുമായി സിന്ധു അടുത്തിടപഴകി.
ഇയാളുടെ മടിയില്‍ കയറി ഇരുന്നു. ഈ സമയം ഒപ്പം വന്നയാള്‍ ഇതെല്ലാം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ചു. അതിന് ശേഷം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് രണ്ടു ലക്ഷം രൂപയുടെ ബ്ലാങ്ക് ചെക്കും അര പവന്റെ സ്വര്‍ണ മോതിരവും റൈസ് കൂക്കറും മെഴുക് പ്രതിമയും കൈക്കലാക്കി മടങ്ങി. ഒമ്ബതിന് ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടുമെത്തിയ സംഘത്തില്‍ മൂന്നാമതൊരാള്‍ കൂടിയുണ്ടായിരുന്നു.
അതൊരു പൊലീസുകാരനാണെന്ന് പരാതിക്കാരനെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചു. അതിന് ശേഷം ഭീഷണി മുഴക്കി 18,000 രൂപയുടെ ചെക്ക് വാങ്ങി. കൂടാതെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. പിന്നെയും പ്രതികള്‍ ഭീഷണി തുടര്‍ന്നപ്പോഴാണ് വയോധികന്‍ പൊലീസിനെ സമീപിച്ചത്. പ്രതി സിന്ധു നേരത്തേയും സമാനരീതിയില്‍ ഹണിട്രാപ്പ് നടത്തിയതിന് പിടിയിലായ ആളാണ്.